ഡിസംബർ, ജനുവരി മാസങ്ങളിൽ ചക്കക്കൊമ്പൻ ദൗത്യം തുടരും

ചക്കക്കൊമ്പൻ ദൗത്യം നിരവധി വെല്ലുവിളി മൂലം താത്കാലികമായി നിർത്തിയെങ്കിലും ദൗത്യം തുടരുമെന്ന് സിസിഎഫ് ഡി.കെ. വിനോദ് കുമാർ. മൂന്നു ദിവസത്തെ ചക്കക്കൊമ്പൻ ദൗത്യം താത്കാലികമായി അവസാനിച്ചിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയുള്ള സമയത്തായിരിക്കും ദൗത്യം തുടരുക.
സീസൺ മാറുമ്പോൾ ആനയുടെ വിസിബിലിറ്റി കൂടും. ആ സമയത്തെക്കാണ് ദൗത്യം തുടരാൻ ആലോചിക്കുന്നത്. ഇനിയുള്ള സീസൺ മാറ്റവും ഗ്രാസ് ലാൻഡിന്റെ പാറ്റേൺ മാറിയ ശേഷവും ആയിരിക്കും. അവസാന ദിവസത്തെ ഓപ്പറേഷൻ വളരെ ദൈർഘ്യമേറിയതായിരുന്നു, വെല്ലുവിളി നിറഞ്ഞതും.
തുടക്കത്തിൽ ആന ഒരു തുരുത്തിൽ ആയിരുന്നു. അവിടെ നിന്ന്ത് ആനയെ പതിയെ തുരത്തി ഓമനക്കുഴി എന്ന ഭാഗത്ത് വെച്ച് വെടിവെക്കാൻ അവസരം കിട്ടി. ആദ്യം മയക്കുവെടി വെച്ച ശേഷം കുറച്ചു ദൂരം ഓടിയ ശേഷം ആന അതേ സ്ഥലത്ത് തന്നെ നിന്നു. തുടർന്ന് സെക്കൻഡ് ഡോസ് നൽകി.
അപ്പോഴും ആന അധികം സഞ്ചരിച്ചില്ല. പെട്ടെന്ന് ആന വെള്ളത്തിലേക്ക് ഇറങ്ങി. അതായിരുന്നു ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി.
വെള്ളത്തിൽ വെച്ച് ആന മയങ്ങി കഴിഞ്ഞാൽ രക്ഷപെടാൻ സാധിക്കില്ല. എന്നാൽ ആന പൂർണമായി മയങ്ങാതിരിക്കുകയും നീന്തി കരയിലേക്ക് ചിന്നക്കനാൽ നിർദിഷ്ട റിസർവ് വനമേഖലയിലേക്ക് കയറാൻ ശ്രമിച്ചു. അവിടെയുള്ള തിട്ട് കയറാൻ ആനയ്ക്ക് കഴിയാതെ വന്നു. ആനയുടെ ശക്തി കുറയുകയും ചെയ്തതിനെ തുടർന്ന് ഒരിക്കൽ മയക്കുവെടി വെച്ച ആനയെ റിവൈവൽ മരുന്ന് കൊടുത്തു.
അത് കൊടുത്ത ശേഷമാണ് ആനയ്ക്ക് ശക്തി വീണ്ടടുത്ത് കരയ്ക്ക് കയറാൻ കഴിഞ്ഞത്.
ഇതുകൂടാതെ ആനയുടെ കൂട്ടത്തിൽ ഒരു പിടിയാനയും കുട്ടിയും കൂടി എത്തിയത് മൂലവും കുറേ സമയം കാത്തിരിക്കേണ്ടി വന്നു. വൈകിട്ട് കരയ്ക്ക് കേറിയ ശേഷം കുങ്കിയാനകളെ എത്തിച്ചെങ്കിലും വീണ്ടും മയക്കുവെടി വെച്ച് ആനയെ മയക്കുന്നതും രാത്രിയിൽ ദൗത്യം തുടരുന്നതും പ്രയാസമായതിനാലാണ് ദൗത്യം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

















































































































































