Idukki വാര്‍ത്തകള്‍
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പിൻവലിച്ചു

ചിന്നക്കനാൽ പഞ്ചായത്തിൽ ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ പിൻവലിച്ചു. നവംബർ 27-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനവാസമേഖലകളിൽ നിരന്തരമെത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ നവംബർ 25 മുതൽ 27 വരെ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നവംബർ 27-നും ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലെ ദൗത്യം താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

















































































































































