ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനം തേജസ് എംകെ 1 എ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് അർജന്റീനയും മലേഷ്യയും
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) ആയ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാൻ അർജന്റീനയും മലേഷ്യയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. എയ്‌റോ ഇന്ത്യ 2023-ന്റെ 14-ാമത് എഡിഷനിൽ പങ്കെടുക്കാൻ ഇരു രാജ്യങ്ങളിലെയും പ്രതിരോധ ഉദ്യോഗസ്ഥർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. അർജന്റീനയിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലർ ബെംഗളൂരുവിൽ വെച്ച് എച്ച്എഎൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചില വൃത്തങ്ങൾ പറഞ്ഞതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
“അർജന്റീനയിൽ നിന്നുള്ള ഒരു സംഘം ഇവിടെ എത്തിയിട്ടുണ്ട്. അവരുമായി കൂടിക്കാഴ്ചകൾ നടത്താനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവർക്ക് നമ്മുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൽ താൽപര്യമുണ്ട്”, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എയ്‌റോ ഇന്ത്യ 2023 ൽ പങ്കെടുക്കുന്നതിനായി എത്തിയ മലേഷ്യൻ പ്രതിനിധി സംഘവും എച്ച്എഎൽ അധികൃതരുമായി സംസാരിച്ച് വിമാനം വാങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തും എന്നാണ് റിപ്പോർട്ടുകൾ.
2021-ൽ ഇന്ത്യൻ എയർഫോഴ്‌സിന്റെ ഭാഗമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് എംകെ 1 എ, അതിന്റെ സവിശേഷതകൾ കൊണ്ട് മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, മൾട്ടി മോഡ് റഡാറുകൾ, വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഈ വിമാനത്തിലുണ്ട്.