കശുവണ്ടി മേഖലയിലടക്കം വിവിധ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ജില്ലക്ക് കേന്ദ്ര ബജറ്റ് നല്‍കിയത് നിരാശയെന്ന് വിവിധ മേഖലകളില്‍ നിന്ന് പ്രതികരണം
കൊല്ലം: കശുവണ്ടി മേഖലയിലടക്കം വിവിധ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ജില്ലക്ക് കേന്ദ്ര ബജറ്റ് നല്‍കിയത് നിരാശയെന്ന് വിവിധ മേഖലകളില്‍ നിന്ന് പ്രതികരണം.പരമ്ബരാഗത വ്യവസായങ്ങളെ കുറിച്ച് പരാമര്‍ശം പോലും ബജറ്റിലില്ല.
തകര്‍ച്ചയുടെ പിടിയിലായ കശുവണ്ടി വ്യവസായ മേഖലക്ക് ഉത്തേജനം പകരാന്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്ന പ്രതീക്ഷയും വെറുതെയായി. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളയാനും വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സംസ്കരിച്ച പരിപ്പിന്‍റെ നേരിട്ടുള്ള ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനും ഉള്‍പ്പെടെ കശുവണ്ടി മേഖലയില്‍ നിന്നുള്ള പ്രധാന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കാഷ്യൂ ബോര്‍ഡ് ആരംഭിക്കണമെന്ന ആവശ്യത്തിനും ഇത്തവണയും ഫലമുണ്ടായില്ല. കൊല്ലത്തെ പാര്‍വതിമില്‍ അടക്കം നാഷനല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ അധീനതയിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബജറ്റില്‍ നിര്‍ദേശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.
ഇതും പരിഗണിക്കപ്പെട്ടില്ല. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്, ഫാമിങ് കോര്‍പറേഷന്‍, റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ ലിമിറ്റഡ് എന്നിവക്കും യാതൊരു സഹായവുമില്ല. കൊല്ലം തുറമുഖത്തിന്‍റെ വികസനസ്വപ്നങ്ങളും കേന്ദ്ര ബജറ്റ് പരിഗണിച്ചില്ല.
ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിലാളികളെ പരിപൂര്‍ണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും പറഞ്ഞു.
കോവിഡിന് ശേഷം രൂക്ഷമായ തോട്ടണ്ടിക്ഷാമം ഉള്‍പ്പെടെയുള്ള വിഷയങ്ങളാല്‍ പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായമേഖലയെ കേന്ദ്ര ബജറ്റ് പൂര്‍ണമായും അവഗണിച്ചെന്ന് സംസ്ഥാന കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍കൂടിയായ എസ്. ജയമോഹന്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും ഇ.പി.എഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കില്ലെന്ന തീരുമാനവും കശുവണ്ടി തൊഴിലാളികളെ നിരാശയിലാഴ്ത്തും. പാര്‍ലമെന്‍റ് അംഗങ്ങള്‍ വിഷയത്തില്‍ സക്രിയമായി ഇടപെടണമെന്ന് എസ്. ജയമോഹന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരെ അവഗണിച്ച ബജറ്റാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു.