ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ സന്ദർശിച്ച് ചിന്താ ജെറോം


തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ചു. ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ് ലളിതാമ്മ തന്നെ സ്വീകരിച്ചതെന്ന് ചിന്ത ഫേസ്ബുക്കിൽ കുറിച്ചു.
ചിന്തയുടെ അമ്മ, കമ്മിഷന്‍ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, റെനീഷ് മാത്യു എന്നിവരും ചിന്തക്ക് ഒപ്പമുണ്ടായിരുന്നു. താൻ മണിക്കൂറുകളോളം വീട്ടിൽ ചെലവഴിച്ചുവെന്നും എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിലേക്ക് വരണമെന്ന് സ്നേഹപൂർവമായ വാക്കുകളോടെയാണ് അമ്മ പറഞ്ഞയച്ചതെന്നും ചിന്ത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രശസ്ത കൃതിയായ ‘വാഴക്കുല’യുടെ രചയിതാവ് ചങ്ങമ്പുഴ എന്നതിന് പകരം വൈലോപ്പിള്ളിയെന്ന് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ തെറ്റായി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. പിന്നീട് ചിന്ത ജെറോമിന്‍റെ പ്രബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു.