തേക്കടിയിലേക്കുള്ള പ്രധാന പാതയിലെ നിര്‍മാണ ജോലികളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
കുമളി: തേക്കടിയിലേക്കുള്ള പ്രധാന പാതയിലെ നിര്‍മാണ ജോലികളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.ഇടുക്കി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച സ്ഥലത്തെത്തി തെളിവെടുത്തത്
കരാറുകാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ഒരുതവണ പാകിയ ടൈലുകള്‍ മുഴുവന്‍ ഇളക്കി വീണ്ടും ടൈല്‍ ഇട്ടെങ്കിലും നിര്‍മാണത്തിലെ പിഴവ് പരിഹരിക്കാനായില്ലെന്ന് ഇതുസംബന്ധിച്ച് പരാതി നല്‍കിയവര്‍ പറയുന്നു. തിരക്കുള്ള റോഡില്‍ ഒരു വര്‍ഷത്തിലധികമായി ഇഴഞ്ഞുനീങ്ങുന്ന നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാനും കരാറുകാരന് കഴിഞ്ഞിട്ടില്ല.
2019-20 ബജറ്റില്‍ രണ്ട് കോടിയാണ് റോഡ്, നടപ്പാത, ഓട നിര്‍മാണം എന്നിവക്കായി അനുവദിച്ചത്. റോഡില്‍ ആദ്യം പാകിയ ടൈലുകള്‍ വാഹനങ്ങള്‍ കയറിയതോടെ ദിവസങ്ങള്‍ക്കകം ഇളകി. പിഴവ് ചൂണ്ടിക്കാട്ടി കുമളി സ്വദേശി സജിമോന്‍ സലിം പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് ടൈലുകള്‍ മുഴുവന്‍ മാറ്റി വീണ്ടും പാകാന്‍ നിര്‍ദേശം വന്നത്. ഇ
തിന് ശേഷവും നിര്‍മാണത്തില്‍ ഗുണനിലവാരം പാലിക്കാന്‍ കരാറുകാരന് കഴിഞ്ഞില്ലെന്നാണ് പരാതി. വിശദ പരിശോധനക്കായി റോഡില്‍നിന്ന് വിജിലന്‍സ് സംഘം സാമ്ബിളുകള്‍ ശേഖരിച്ചു. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ കുമളിയിലെ പൊതുമരാമത്ത് എന്‍ജിനീയറെയും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയിരുന്നു.