വിദേശ കറന്‍സി തട്ടിയെടുക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍
ഈരാറ്റുപേട്ട: വിദേശ കറന്‍സി തട്ടിയെടുക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. നടയ്ക്കല്‍ കരിം മന്‍സിലില്‍ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കല്‍ പുന്നക്കാത്തറ വീട്ടില്‍ അഖില്‍ ആന്റണി (29), ഇടക്കൊച്ചി തടിയന് കടവില്‍ ടി.എസ്.ശരത് ലാല്‍ (30), ഈരാറ്റുപേട്ട എം.ഇ.എസ് ജങ്ഷന് നൂറനാനിയില്‍ വീട്ടില്‍ ജംഷീര്‍ കബീര്‍ (34), ആലപ്പുഴ പെരുമ്ബളം ജങ്ഷനില്‍ ഷിബിന്‍ മന്‍സില്‍ ഷിബിന്‍ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പുലര്‍ച്ച 5.30ഓടെയാണ് സംഭവം. വിദേശ കറന്‍സി എക്സ്ചേഞ്ച് ചെയ്യുന്ന കമ്ബനിയുടെ എക്സിക്യൂട്ടിവായി ജോലി ചെയ്യുന്നയാളെ തടഞ്ഞുനിര്‍ത്തി ബാഗ് കവര്‍ന്നിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് വിദേശ കറന്‍സി അടക്കം കവര്‍ച്ച ചെയ്യാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ബാഗില്‍ വിദേശ കറന്‍സി ഉണ്ടായിരുന്നില്ല.
പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിഞ്ഞ ഇവരെ ശാസ്ത്രീയ പരിശോധനയിലൂടെ വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടുകയുമായിരുന്നു. അഖില്‍ ആന്റണിക്കെതിരെ പൂച്ചാക്കല്‍, പനങ്ങാട് സ്റ്റേഷനുകളില്‍ മോഷണക്കേസുകളും മറ്റൊരു പ്രതിയായ ശരത് ലാലിനെതിരെ പള്ളുരുത്തി സ്റ്റേഷനില്‍ രണ്ട് അടിപിടി കേസുകളും നിലവിലുണ്ട്.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.