വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയ മലങ്കര ടൂറിസം പദ്ധതി ഇപ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ്
വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയ മലങ്കര ടൂറിസം പദ്ധതി ഇപ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ്.കുടിക്കാന്‍ വെള്ളമോ വിശ്രമിക്കാന്‍ ആവശ്യത്തിന് ഇരിപ്പിടങ്ങളൊ തണല്‍ മരങ്ങളോ ഇവിടെ ഇല്ല. 2.50 കോടിയിലധികം മുടക്കി നിര്‍മിച്ച എന്‍ട്രന്‍സ് പ്ലാസ ഇതുവരെ തുറന്ന് നല്‍കിയിട്ടില്ല. ദാഹം തീര്‍ക്കണമെങ്കില്‍ പാര്‍ക്കില്‍നിന്ന് പുറത്തിറങ്ങി 500 മീറ്റര്‍ സഞ്ചരിക്കണം.
മാസംതോറും ലക്ഷക്കണക്കിന് രൂപ വരുമാനമുണ്ടെങ്കിലും ഇത് അടിസ്ഥാനസൗകര്യ വികസനത്തിന് വിനിയോഗിക്കുന്നില്ല. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെയും (എം.വി.ഐ.പി) ടൂറിസം വകുപ്പിന്‍റെയും മേല്‍നോട്ടത്തിലാണ് മലങ്കര ടൂറിസം പദ്ധതി.
ഇനിയും എത്ര ജീവനുകള്‍?
ജില്ലയില്‍ ലോ റേഞ്ചിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ് മലങ്കരയും സമീപത്തെ കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്കും. രണ്ടും മലങ്കര ജലാശയത്തിന്‍റെ തീരത്താണ്. സുരക്ഷിതമായി ജലാശയത്തില്‍ ഇറങ്ങാനുള്ള സൗകര്യം ഒരുക്കാത്തതിനാല്‍ ചുരുങ്ങിയ കാലയളവില്‍ നിരവധി ജീവന്‍ ഇവിടെ പൊലിഞ്ഞു. മുന്നറിയിപ്പ് ബോഡുകളും സുരക്ഷ ഉദ്യോഗസ്ഥരും ഇല്ലാത്തതാണ് പ്രധാന കാരണം. ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാല്‍ നീന്തല്‍ അറിയാവുന്നവരും അപകടത്തില്‍പെടുന്നുണ്ട്.
കാഞ്ഞാറിലെ വാട്ടര്‍ഷെഡ് തീം പാര്‍ക്കിന് സമീപം വിശ്രമിച്ച ശേഷം പരന്ന് കിടക്കുന്ന ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങുമ്ബോഴാണ് പലപ്പോഴും അപകടം. കാഴ്ചയില്‍ ആഴവും ഒഴുക്കും തോന്നില്ല. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്. മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്. 2022 സെപ്റ്റംബര്‍ 17ന് കാഞ്ഞാര്‍ പാലത്തിന് സമീപം ചങ്ങനാശ്ശേരി അറയ്ക്കല്‍ അമന്‍ ഷാബു (23), കോട്ടയം താഴത്തങ്ങാടി ജാസ്മിന്‍ മന്‍സില്‍ ഫിര്‍ദോസ് (20) എന്നിവര്‍ മുങ്ങി മരിച്ചതാണ് ഒടുവിലെ സംഭവം.
മുമ്ബ് ഇടുക്കി കാണാനെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിന്‍സ് മുങ്ങി മരിച്ചതും ഇതിന് സമീപമാണ്. നാലുവര്‍ഷം മുമ്ബ് എഫ്.എ.സി.ടി ജീവനക്കാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. കാഞ്ഞാറിലെ ഇതേ കടവിന് സമീപമാണ് 2020 സെപ്റ്റംബറില്‍ ജലനിധി ജോലിക്കായി എത്തിയ ചീനിക്കുഴി ബൗണ്ടറിക്ക് സമീപം കട്ടയ്ക്കല്‍ ജോണിന്റെ മകന്‍ മോബിന്‍ (19) മുങ്ങി മരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഡാമിന് സമീപം മുട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി അശ്വിന്‍ മുങ്ങി മരിച്ചിരുന്നു. 2020 ഡിസംബറില്‍ മലങ്ക ടൂറിസം പ്രദേശത്ത് നടന്‍ അനില്‍ നെടുമങ്ങാടും മുങ്ങി മരിച്ചു. ഇത്രയേറെ മരണങ്ങള്‍ സംഭവിച്ചിട്ടും മുന്നൊരുക്കങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
ഇലവീഴാപ്പൂഞ്ചിറയിലേക്ക് ടാര്‍ വീഴാ റോഡ്
കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയെ സംരക്ഷിക്കാനും നടപടിയില്ല. ഗതാഗതയോഗ്യമായ റോഡ് ഒരുക്കിയാല്‍ മാത്രം ആയിരക്കണക്കിന് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാം. റോഡ് തകര്‍ന്നിട്ടും ഓഫ് റോഡ് സവാരി നടത്തി നൂറുകണക്കിന് സഞ്ചാരികള്‍ പൂഞ്ചിറ കണ്ട് മടങ്ങുന്നുണ്ട്.10 വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുന്ന ഇലവീഴാപ്പൂഞ്ചിറ റോഡ്
ഇലവീഴാപ്പൂഞ്ചിറക്കുള്ള റോഡില്‍ 1.5 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. 11 കിലോമീറ്ററുള്ള കാഞ്ഞാര്‍ -കൂവപ്പള്ളി -ചക്കിക്കാവ് – ഇലവീഴാപ്പൂഞ്ചിറ -മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റര്‍ ഏറെക്കാലമായി തകര്‍ന്ന് കിടക്കുകയായിരുന്നു. മാണി സി. കാപ്പന്‍ എം.എല്‍.എ ഇടപെട്ട് കോട്ടയം ജില്ല അതിര്‍ത്തിയില്‍ വരുന്ന റോഡ് ബി.എം ബി.സി നിലവാരത്തില്‍ നവീകരിച്ചു.
ഇടുക്കി ജില്ലയുടെ ഭാഗമായ ഒന്നര കിലോമീറ്ററാണ് ശേഷിക്കുന്നത്. ഇടുക്കിയിലെത്തുന്നവരും കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയിലെത്തി ഇലവീഴാപ്പൂഞ്ചിറക്ക് പോകണ്ട ഗതികേടിലാണ്. ഒന്നര കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയാല്‍ വാഗമണ്‍ യാത്രക്കാര്‍ക്ക് നാല് കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇലവീഴാപ്പൂഞ്ചിറയിലെത്താം. ഇതോടെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കുള്ളവര്‍ക്ക് 10 കിലോമീറ്ററിലേറെ ലാഭിക്കാം.
സമുദ്ര നിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപ്പൂഞ്ചിറ. ഇവിടെനിന്ന് നോക്കിയാല്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകള്‍ കാണാം. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാത്തതാണ് പേരിന് കാരണമായി പറയുന്നത്. താഴ്‌വരയിലെ തടാകത്തില്‍ ഇലകള്‍ വീഴാറില്ല. എല്ലാ കാലാവസ്ഥയിലും തണുത്തു നില്‍ക്കുന്ന അന്തരീക്ഷം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സൂര്യോദയത്തിന്‍റെയും അസ്തമയത്തിന്‍റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപ്പൂഞ്ചിറ സമ്മാനിക്കുന്നത്.