സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ടര്‍ക്കിഷ് കമ്പനി സെലിബി


സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് തുര്‍ക്കി എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സെലിബി. അവ്യക്തമായ ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്താന് തുര്‍ക്കി പിന്തുണ നല്‍കിയതിന് പിന്നാലെയാണ് സെലിബിക്കെതിരെ കേന്ദ്രം നീക്കം നടത്തിയത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഒന്‍പത് വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കാര്‍ഗോ സേവനങ്ങള്‍ നല്‍കിവരുന്ന സെലിബിയുടെ സുരക്ഷാ ക്ലിയറന്‍സ് വ്യാഴാഴ്ചയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റദ്ദാക്കിയത്. ദേശീയ സുരക്ഷയുടെ താല്‍പ്പര്യാര്‍ഥം സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കുകയാണെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്.
3791 തൊഴിലുകളെയും നിക്ഷേപകരുടെ താത്പര്യങ്ങളെയും ബാധിക്കുമെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഉത്തവ് പുറപ്പെടുവിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.