വാഗമണ്‍ റോഡില്‍ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി
കാഞ്ഞാര്‍: കാഞ്ഞാര്‍ – വാഗമണ്‍ റോഡില്‍ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി. നൂറുകണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ഇതുവഴി സഞ്ചരിക്കുന്നത്.ഏറെ പ്രകൃതി രമണീയമായ നിരവധി വ്യൂ പോയിന്റാണ് റോഡരികില്‍ ഉള്ളത്.വാഗമണ്‍ ലക്ഷ്യമാക്കി പോകുന്ന വിനോദസഞ്ചാരികള്‍ ഭൂരിഭാഗവും ഇത്തരം സ്‌ഥലങ്ങളില്‍ ഇറങ്ങി വിശ്രമിച്ചിട്ടാണ് യാത്ര തുടരുന്നത്.
പലരും വാഹനത്തില്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നതും ഇവിടെ ഇരുന്നാണ്. ഭക്ഷണാവശിഷ്‌ടങ്ങളും പ്ലാസ്‌റ്റിക് കുപ്പികളും, മദ്യക്കുപ്പികളും റോഡരികില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ പാതയോരത്ത് സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. അലഞ്ഞുനടക്കുന്ന നായ്‌ക്കള്‍ ഭക്ഷണ അവശിഷ്‌ടങ്ങള്‍ കൊണ്ടുവന്ന് റോഡിലേക്ക് ഇടുന്നതും പതിവാണ്.
അവധിദിവസങ്ങളില്‍ ഈ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര കാണാം. പാതയോരത്ത് മാലിന്യങ്ങള്‍ വലിച്ചെറിയരുത് എന്ന മുന്നറിയിപ്പ് ബോര്‍ഡ് പോലും വെച്ചിട്ടില്ല.
മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ റോഡരികിലും റോഡിന് സമീപമുള്ള താഴ്‌ചയിലേക്കും വലിച്ചെറിയുകയാണ്. മാലിന്യം സംഭരിക്കാനുള്ള സംവിധാനം പാതയോരത്ത് ഒരുക്കിയാല്‍ ഒരു പരിധിവരെ റോഡരികില്‍ വലിച്ചെറിയുന്നത് തടയുവാന്‍ സാധിക്കും.
യാതൊരു സൗകര്യവും ഒരുക്കാതെ മാലിന്യങ്ങള്‍ റോഡ് വക്കില്‍ ഇടരുതെന്ന് പറഞ്ഞാല്‍ അത് ചെവിക്കൊള്ളാന്‍ യാത്രക്കാര്‍ തയാറാകാറില്ല. മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കുകയും മാലിന്യം നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്‌താല്‍ ഈ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.