നഗരമധ്യത്തില്‍ വന്‍ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി
തൊടുപുഴ: നഗരമധ്യത്തില്‍ വന്‍ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. മണക്കാട് ജങ്‌ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന റോയല്‍ ക്ലബ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്‌ഥാപനത്തില്‍നിന്നാണ് 16 അംഗ സംഘത്തെ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.ഇവരില്‍നിന്ന് ഒന്നര ലക്ഷത്തിലധികം രൂപയും മൊബൈല്‍ ഫോണുകളും ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും വാഹനങ്ങളും പിടിച്ചെടുത്തു. തൊടുപുഴ, പണ്ടപ്പിള്ളി, പുറപ്പുഴ സ്വദേശികളായ താഹ (49), അനീഷ് ഇസ്‌മയില്‍ (42), കാസിം (53), സാമുവല്‍ വി തോപ്പില്‍ (53), ജിജി (56), ഷിയാസ് (43), സിബി (49), അസീസ് (60), മുഹമ്മദ് ബിലാല്‍ (43), ജോയി (69), ചാക്കോച്ചന്‍ (69), നിസാര്‍ (41), മത്തായി (65), സത്യന്‍ (56), ജോമോന്‍ ജോസഫ് (57) വയനാട് സ്വദേശി സന്തോഷ് (52) എന്നിവരാണ് പിടിയിലായത്.
മണക്കാട് ജങ്‌ഷനിലെ റോയല്‍ ക്ലബ് കേന്ദ്രീകരിച്ച് വലിയ രീതിയില്‍ ചൂതാട്ടം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന. ഈ സമയം ക്ലബില്‍ ചീട്ടുകളിയിലേര്‍പ്പെട്ടിരുന്ന 16 പേരെയാണ് പോലീസ് പിടികൂടിയത്.
പോലീസ് കണ്ടെത്താതിരിക്കാന്‍ ആസൂത്രിതമായി ക്ലബിലെ ഇടനിലക്കാരന്‍ മുഖേന ടോക്കണ്‍ മുഖാന്തിരമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. സ്‌ഥാപനത്തില്‍നിന്ന് 10,000 രൂപ മാത്രമാണ് ലഭിച്ചത്. പിടിയിലായവരുടെ വാഹനങ്ങളിലാണ് കൂടുതല്‍ പണവും സൂക്ഷിച്ചിരുന്നത്.
ക്ലബിന്റെ നിയമാവലികള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയാണ് സ്‌ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു വ്യക്‌തമാക്കി. ചൂതാട്ടത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പണമിടപാടുകളും ഗൂഗിള്‍ പേ വഴിയുള്ള തുക കൈമാറലും നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
രണ്ട് വര്‍ഷമായി ഈ കേന്ദ്രത്തില്‍ ചീട്ടുകളി നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തില്‍ ഇനിയും ആളുകള്‍ പിടിയിലാകാനുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരുടെ നേതൃത്വത്തില്‍ തൊടുപുഴ, കരിമണ്ണൂര്‍, കാഞ്ഞാര്‍, മുട്ടം, കാളിയാര്‍, കരിങ്കുന്നം സേ്‌റ്റഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘം റെയ്‌ഡില്‍ പങ്കെടുത്തു. അറസ്‌റ്റ് ചെയ്‌തവരേയും പിടികൂടിയ വാഹനങ്ങളും പോലീസ് കോടതിയില്‍ ഹാജരാക്കും.