കൺഫർമേഷൻ നൽകി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി എസ് സി
തിരുവനന്തപുരം: കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷവും നിരവധി പേർ പരീക്ഷ എഴുതാറില്ല. ഇതുവഴി കോടികളുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. ഒരു ഉദ്യോഗാർഥിക്ക് മാത്രം 100 ലധികം രൂപ പി.എസ്.സിക്ക് ചെലവാകാറുണ്ട്. അതിനാലാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ പി.എസ്.സി തീരുമാനിച്ചത്.
ഉദ്യോഗാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്താനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർധിച്ച് വരുന്നതായി കമ്മീഷൻ കണ്ടെത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നെന്നും അതുകൊണ്ടാണ് നടപടികളിലേക്ക് കടക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്നും പി.എസ്.സി പറഞ്ഞു.