ശാന്തിപ്പാലം നിര്‍മാണം അവസാന ഘട്ടത്തില്‍.
കുമളി: മഹാപ്രളയത്തില്‍ ഒലിച്ചുപോയ ശാന്തിപ്പാലത്തെ പുതിയ പാലത്തിന്‍റെ നിര്‍മാണം അവസാന ഘട്ടത്തില്‍. പെരിയാറിന്‍റെ നടുവിലും ഇരുകരകളിലുമുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്കു മുകളിള്‍ ഇന്നലെ ഉച്ചയോടെ സ്ലാബുകള്‍ സ്ഥാപിച്ചുതുടങ്ങി.ക്രെയിനുകളുടെയും മറ്റ് അത്യാധുനിക യന്ത്രസാമഗ്രികളുടെയും സഹായത്തോടെ ഏതാനും ദിവസംകൊണ്ട് സ്ലാബുകള്‍ സ്ഥാപിക്കുന്നതു പൂര്‍ത്തിയാകും.അയ്യപ്പന്‍കോവില്‍,ഏലപ്പാറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ശാന്തിപ്പാലത്ത് പാലം വേണമെന്നത് കുടിയേറ്റകാലം മുതലുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. എന്നാല്‍, അധികൃതര്‍ ആവശ്യം അവഗണിച്ചതോടെ മ്ലാമല പള്ളി വികാരി ഫാ. മാത്യു ചെറുതാനിക്കലിന്‍റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ 1984ല്‍ ഇവിടെ പാലം നിര്‍മിച്ചു. അന്നത്തെ വനംമന്ത്രി എന്‍.എം. ജോസഫാണ് പാലം ഉദ്ഘാടനം ചെയ്തത്. വണ്ടിപ്പെരിയാർ മ്ലാമല എന്ന ഗ്രാമത്തെ കുമളി, കട്ടപ്പന, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ഈ പാലമാണ് 2018 ഓഗസ്റ്റ് 15നുണ്ടായ മഹാപ്രളയത്തില്‍ ഒലിച്ചുപോയത്. പ്രളയത്തിനൊപ്പം മുല്ലപ്പെരിയാറില്‍നിന്നു വെള്ളം തുറന്നുവിട്ടതുമാണ് പാലം തകരാന്‍ കാരണം.