കാര്യവട്ടത്തെ കാണികളുടെ കുറവ്; മറുപടിയുമായി കായികമന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനിടെ കാണികളുടെ എണ്ണം കുറയാൻ കാരണം തന്‍റെ പ്രസ്താവനയാണെന്ന ആരോപണത്തിന് മറുപടി നൽകി കായിക മന്ത്രി വി അബ്ദുറഹിമാൻ. തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും കാണികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം സംഘാടകരുടെ കഴിവുകേടാണെന്നും മന്ത്രി പറഞ്ഞു. ദുർബലരായ എതിരാളികളും കടുത്ത വെയിലും ചൂടും കാണികളുടെ എണ്ണം കുറയാൻ കാരണമായെന്നും സംഘാടകരുടെ കഴിവുകേട് മറച്ചുവക്കാൻ മന്ത്രിയെയും സർക്കാരിനെയും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എതിരാളികളിൽ ചിലർ സോഷ്യൽ മീഡിയയിലും മറ്റും വിഷയം വളച്ചൊടിക്കുകയാണ്. സർക്കാരിൻ്റെ വിനോദ നികുതിയാണ് നിരക്ക് വർദ്ധനവിന് കാരണമെന്ന വാദവുമായി ക്രിക്കറ്റ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.
കാര്യവട്ടത്ത് ക്രിക്കറ്റ് കാണാന്‍ ആളുകൾ എത്താതിരുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികളെ വെള്ളപൂശുന്ന ജാഗ്രത കാണുമ്പോള്‍ എന്തോ പന്തികേടുണ്ടെന്നും മന്ത്രി പറഞ്ഞു. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവര്‍ക്കു വേണ്ടിയാണ് ഈ ഗവണ്‍മെന്റ് നിലകൊള്ളുന്നത്. വസ്തുതകള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. അവര്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.