കഴിഞ്ഞ 8 വർഷമായി ഭൂമി അഭിമുഖീകരിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്
പാരീസ്: യൂറോപ്യൻ യൂണിയന്‍റെ കണക്കനുസരിച്ച് ആഗോളതലത്തിൽ നാം പിന്നിട്ടത് റെക്കോഡ് ചൂട് വര്‍ഷങ്ങളെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളാണ്. യൂറോപ്യൻ യൂണിയന്‍റെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം അനുസരിച്ച്, എൽ നിനോ പ്രതിഭാസം റെക്കോർഡ് ചൂട് വർഷങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്‍റെ കണക്കനുസരിച്ച്, പത്തൊൻപതാം നൂറ്റാണ്ടിൽ അന്തരീക്ഷ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള അഞ്ചാമത്തെ ഏറ്റവും ചൂടേറിയ വർഷമാണ് 2022. പാകിസ്ഥാനിലും ഉത്തരേന്ത്യയിലും കഴിഞ്ഞ മാസങ്ങളിൽ റെക്കോർഡ് ഉഷ്ണതരംഗമാണ് അനുഭവപ്പെട്ടത്. രണ്ട് പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊട്ടുപിന്നാലെ പാകിസ്ഥാൻ വെള്ളപ്പൊക്കം നേരിടേണ്ടിവന്നു.
2022 പുതിയ റെക്കോർഡുകളുടെ വർഷമായിരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ 2022 ൽ റെക്കോർഡ് ശരാശരി താപനില രേഖപ്പെടുത്തി. ഇത് രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം യൂറോപ്പ് രണ്ടാമത്തെ ചൂടുള്ള വർഷത്തേയും അഭിമുഖീകരിച്ചു.
ഉഷ്ണതാപങ്ങള്‍ക്ക് പുറമെ 2022 ൽ വരൾച്ചാ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടെ യൂറോപ്പിൽ ആഗോള ശരാശരിയുടെ രണ്ടിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2022 യൂറോപ്പിലും ആഗോളതലത്തിലും കാലാവസ്ഥാ പ്രതിസന്ധികളുടെ വർഷം കൂടിയായിരുന്നു. നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ തെളിവായും ഇത് കണക്കാക്കപ്പെടുന്നു. ചൈനയിലും പടിഞ്ഞാറൻ യൂറോപ്പിലും കാലാവസ്ഥാ പ്രതിസന്ധി കൃഷി, ജലവിതരണം, ഊർജ്ജം എന്നിവയെയും ബാധിച്ചു.