കേരളത്തിലെ റെസ്റ്റോറന്റുകളിൽ നോൺവെജ് മയോണൈസ് ഒഴിവാക്കാൻ തീരുമാനം
കൊച്ചി: ഇനി മുതൽ സംസ്ഥാനത്തെ ബേക്കറികളിലും അനുബന്ധ റസ്റ്റോറന്‍റുകളിലും പച്ച മുട്ട ഉപയോഗിച്ച് നിർമ്മിച്ച മയോണൈസുകൾ വിളമ്പില്ല. പകരം പച്ചക്കറി മയോണൈസ് മാത്രം ലഭ്യമാകും. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
കൊച്ചിയിൽ ചേർന്ന ബേക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഭക്ഷ്യോൽപ്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്ക് ഭാരവാഹികൾ പറഞ്ഞു.
ബേക്കറികളിൽ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യ ഉൽപ്പന്നമായതിനാലാണ് നോൺ വെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. അൽഫാം, കുഴിമന്തി, ഷവർമ തുടങ്ങിയ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു സൈഡ് വിഭവമാണ് മയോണൈസ്. “നിലവിൽ, ഉപയോഗിക്കുന്ന മുട്ടകളുടെ ഗുണനിലവാരവും പ്രായവും നിർണ്ണയിക്കാൻ മാനദണ്ഡങ്ങളൊന്നുമില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങൾ ഇല്ലാതെ എത്തുന്ന മുട്ടകളിൽ മൈക്രോ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാം. അവ അകത്തുകടന്ന് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും” – ബേക്ക് ഭാരവാഹികൾ പറഞ്ഞു.