റേഷൻ കടകളിൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം പൊതുജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പരാതി


അയ്യപ്പൻകോവിൽ : റേഷൻ കടകളിൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം പൊതുജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പരാതി .
പൊതുവിതരണ കേന്ദ്രങ്ങൾ ആധുനികവൽക്കരിച്ചതിന്റെ ഭാഗമായിട്ടാണ് ഈപോസ് മെഷീൻ വഴി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത്. എന്നാൽ അടിക്കടി ഉണ്ടാകുന്ന ഈപോസ് മെഷിനുകളുടെ തകരാറുകൾ ഉപഭോക്താക്കൾക്ക് മാത്രമല്ല റേഷൻകട ഉടമകൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡാറ്റാ അപ്‌ലോഡ് ആകുന്നതുവഴി ലോഡ് വർദ്ധിച്ച് സെർവറിൽ ഉണ്ടാകുന്ന തകരാറും, ഇന്റർനെറ്റ് സംവിധാനങ്ങളിലെ തകരാറും പൊതുവിതരണ ശൃംഖലയ്ക്ക് ആഘാതം ഉണ്ടാക്കുന്നു . ഇതിന് തത്കാലിക പരിഹാരം എന്നോണമാണ് കേരളമൊട്ടാകെ റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം കൊണ്ടുവന്നത്. ഇടവിട്ട ആഴ്ചകളിൽ രാവിലെ എട്ടുമണി മുതൽ ഒരു മണി വരെയോ , അല്ലെങ്കിൽ രണ്ടുമണി മുതൽ എട്ടുമണി വരെയോ മാത്രം പ്രവർത്തിക്കാനാണ് റേഷൻ കടകൾക്ക് ജില്ലാ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ഈ സമയക്രമങ്ങൾ പൊതുജനങ്ങളിൽ പലരും അറിയാതെ പോകുകയാണ്. പലരും റേഷൻ സാധനങ്ങൾ വാങ്ങാൻ കടകളിൽ എത്തുമ്പോഴാണ് അടച്ചിട്ടിരിക്കുന്ന വിവരം അറിയുന്നത്. സമയക്രമത്തിൽ ഉണ്ടാക്കിയിരിക്കുന്ന മാറ്റം നീക്കം ചെയ്യണമെന്ന ആവശ്യമാണ് ശക്തമാകുന്നത് .
ഈ സമയക്രമം മലയോര പ്രദേശങ്ങളിലെ തോട്ടം കാർഷിക മേഖലകളിലും, ആദിവാസി മേഖലകളിലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാത്രമല്ല പലർക്കും പൊതുവിതരണകേന്ദ്രങ്ങൾ വഴി നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കാതെയും വരുന്നു . ഇത്തരത്തിലുള്ള സമയക്രമങ്ങളും സെർവറിന്റെ തകരാറും സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും, ഈ സമയക്രമം മൂലം സെർവറിൽ അധിക ലോഡ് ഉണ്ടാക്കാനാണ് ഇടയാകുന്നതെന്നും റേഷൻ കട ഉടമകളും പരാതിപ്പെടുന്നു.
സെർവ്വറിൽ ഉണ്ടാകുന്ന തകരാറുകൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ അധികൃതർ കൃത്യമായി ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണ്. ഒപ്പം ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഈ പോസ് മെഷിനുകൾ റേഷൻ കടകളിൽ ലഭ്യമാക്കുന്നതിനും ഭക്ഷ്യ വകുപ്പ് ഇടപെടൽ നടത്തണമെന്നുമാണ് ഉയരുന്ന ആവശ്യം.