കോര്‍പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി


കൊച്ചി:കോര്‍പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി.ആദ്യഘട്ടമായി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ 170 കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കും. മേയര്‍ എം അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗവ. ഗേള്‍സ് സ്‌കൂളിലേത് തുടക്കംമാത്രമാണെന്നും അടുത്തഘട്ടത്തില്‍ നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളിലേക്കും വ്യാപിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.
കോര്‍പറേഷന്റെ ‘സമൃദ്ധി’ കുടുംബശ്രീ ഹോട്ടലിലെ പ്രഭാതഭക്ഷണമാണ് വിദ്യാര്‍ഥികള്‍ക്കുനല്‍കുക. ദോശ, അപ്പം, ചപ്പാത്തി, വെജിറ്റബിള്‍ കറി, മുട്ട, പഴം പുഴുങ്ങിയത് എന്നിങ്ങനെ ഓരോ ദിവസവും വ്യത്യസ്‌ത ഭക്ഷണമാകും നല്‍കുക. വിദ്യാര്‍ഥികളിലെ പോഷകക്കുറവ് ഇല്ലാതാക്കാനും കുട്ടികള്‍ വീടുകളില്‍നിന്ന് സമയത്ത് ഭക്ഷണം കഴിക്കാതെവരുന്നത് തടയാനുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് ഈ വര്‍ഷം പദ്ധതിക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉദ്‌ഘാടനച്ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ എന്‍ അന്‍സിയ അധ്യക്ഷയായി. വി എ ശ്രീജിത് പദ്ധതി വിശദീകരിച്ചു. പി ആര്‍ റെനീഷ്, സുനിത ഡിക്സണ്‍, പത്മജ എസ് മേനോന്‍, ഹെന്‍ട്രി ഓസ്റ്റിന്‍, അംബിക സുദര്‍ശന്‍, വി പി ഷിബു, ബെനഡിക്‌ട് ഫെര്‍ണാണ്ടസ്, സുമ ജോയി, ഹെഡ്മിസ്ട്രസ് ലതിക പണിക്കര്‍, ഐ പി ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.