യോഗയുടെ പ്രാധാന്യം അറിയിക്കാൻ പദയാത്ര; കൃഷ്ണ നായകന്റെ ലക്ഷ്യം 15000 കി.മീ


തിരുപ്പതി : യോഗയുടെ മാഹാത്മ്യം ഏവരിലേക്കും എത്തിക്കുന്നതിനായി കൃഷ്ണ നായകൻ എന്ന യുവാവിന്റെ പദയാത്ര. കർണാടക, കേരളം, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര ക്ഷേത്ര നഗരമായ തിരുപ്പതിയിൽ എത്തി.
ഇതിനോടകം 2000 കി.മീ ആണ് 29കാരനായ യുവാവ് താണ്ടിയത്. ആളുകളെ ബോധവൽക്കരിച്ച് ഒരു ദിവസം 30 കി.മീ നടക്കും. 2008 ൽ മൈസൂരിലെ ആയുർവേദ ആശുപത്രിയിൽ ഹിമാലയത്തിൽ നിന്നും ചികിത്സക്കെത്തിയ സന്യാസിയിൽ നിന്നാണ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ കേൾക്കുന്നത്.
ഇടക്ക് നടുവേദനക്ക് ചികിത്സ തേടിയപ്പോൾ ശസ്ത്രക്രിയ അല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ യോഗയിൽ സജീവമാവുകയും, നിത്യേന യോഗ ചെയ്യുന്നതും ശീലമാക്കിയതോടെ നടുവേദനയും ശമിച്ചു. ശരീരവടിവ് നേടാനുള്ള മാർഗം മാത്രമാണെന്നുള്ള ആദ്യകാലങ്ങളിലെ തന്റെ തെറ്റിദ്ധാരണയും മാറ്റിയെടുക്കാൻ കഴിഞ്ഞു എന്ന് പറയുന്ന കൃഷ്ണ നായകൻ യോഗയിലൂടെ മാനസിക സമ്മർദ്ദം പോലും ഇല്ലാതാക്കാൻ കഴിയുമെന്നും വ്യക്തമാക്കുന്നു. പോകുന്ന വഴിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബോധവൽക്കരണവുമായി എത്താനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.