റൊണാള്‍ഡോ മെസ്സിയുടെ പിഎസ്ജിക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ചേക്കും


റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്‍റെ പുതിയ ക്ലബ് അൽ നസ്‌റുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിലേക്ക് റെക്കോർഡ് തുകയ്ക്ക് മാറിയ റൊണാൾഡോ ഇതുവരെ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഏർപ്പെടുത്തിയ വിലക്ക് കാരണമാണ് അദ്ദേഹത്തിന്‍റെ അരങ്ങേറ്റം വൈകുന്നത്. കാണികളിൽ ഒരാളുടെ മൊബൈൽ തട്ടിത്തെറുപ്പിച്ചതിനെത്തുടര്‍ന്നാണ് റൊണാൾഡോയ്ക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. 50,000 പൗണ്ട് പിഴയും ചുമത്തി. എവർട്ടണെതിരായ മത്സരത്തിന് ശേഷമായിരുന്നു സംഭവം.
അൽ നസ്‌റിലെത്തിയ റൊണാൾഡോയ്ക്ക് രണ്ട് മത്സരങ്ങളുടെ വിലക്ക് മാറിയശേഷം വേണം ബൂട്ട് കെട്ടാൻ. ജനുവരി 22ന് സൗദി അറേബ്യൻ ക്ലബ്ബിന് വേണ്ടി കളിക്കുമെന്ന് അൽ നസ്ര്‍ അറിയിച്ചു. എത്തിഫാക്കാണ് ടീമിന്‍റെ എതിരാളി. എന്നാല്‍ അതിന് മുന്നോടിയായി റൊണാള്‍ഡോ, ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും നെയ്മറുമെല്ലാം അണിനിരക്കുന്ന പി.എസ്.ജിയ്‌ക്കെതിരേ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജനുവരി 19 ന് പി.എസ്.ജിയ്‌ക്കെതിരേ നടക്കുന്ന സൗഹൃദ മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചേക്കും. സൗഹൃദ മത്സരമായതിനാല്‍ വിലക്ക് ബാധകമാകില്ല.