ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ കാരണമായെന്ന് കേരളം
ന്യൂഡല്‍ഹി | ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ കാരണമായെന്ന് കേരളം.വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയിലാണ് കേരളം ആശങ്ക ഉയര്‍ത്തിയത്.വയനാട്, ഇടുക്കി കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ വിധി കാരണമായെന്നാണ് കേരളത്തിന്റെ നിലപാട്. സംരക്ഷിത മേഖലയില്‍ നിര്‍മാണങ്ങള്‍ക്ക് പൂര്‍ണനിരോധനമേര്‍പ്പെടുത്തിയ വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേരളം വ്യക്തമാക്കി.
സുപ്രീം കോടതി വിധി വരുന്നതിന് മുമ്ബ് തന്നെ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട, നിരവധി ചെറുകിട, ഇടത്തരം നഗരങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം അപേക്ഷയില്‍ ബോധിപ്പിച്ചു.