ആന്റ് ഗ്രൂപ്പില്‍നിന്ന് ജാക് മാ പിന്മാറി; ഇനി പത്തംഗ സംഘം നിയന്ത്രിക്കും
ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മാ ആന്റ് ഗ്രൂപ്പിന്‍റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ആന്റ് ഗ്രൂപ്പിനെ ഇനി 10 അംഗ സംഘമാണ് നിയന്ത്രിക്കുക. അപ്രതീക്ഷിതമായ തിരിച്ചടിയാണ് ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് പ്ലാറ്റ്ഫോമായ ആന്‍റ് ഗ്രൂപ്പിന്‍റെ തലപ്പത്ത് നിന്ന് പടിയിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മാർക്കറ്റിൽ ലിസ്റ്റുചെയ്യുന്നതിന്‍റെ തലേദിവസം റെഗുലേറ്റർമാരെ വിമർശിച്ച് ജാക്ക് മാ നടത്തിയ പ്രസംഗത്തിന് ശേഷം അദ്ദേഹം പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായി. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നുമായിരുന്നു വിമര്‍ശനം. വിമർശനത്തെ തുടർന്നാണ് ആലിബാബയ്ക്കെതിരെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ആന്റ് ഗ്രൂപ്പിന്‍റെ 37 ബില്യൺ ഡോളറിന്‍റെ ഐപിഒയും ചൈനീസ് സർക്കാർ തടഞ്ഞു. മാ-യോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. പിന്നീട് മാസങ്ങളോളം ആരും അയാളെ കണ്ടില്ല. ലോകമാധ്യമങ്ങളിൽ വാർത്തകൾ വന്നപ്പോൾ നിരീക്ഷണത്തിലാണെന്ന് മാത്രമാണ് ചൈനീസ് സർക്കാർ പറഞ്ഞത്.