കട്ടപ്പനകല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്‍ത്തുക അടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജിയുടെ നേതൃത്വത്തില്‍ നഗരസഭ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു.
വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാത്തതിനാല്‍ 320 കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. മന്ത്രിതല ചര്‍ച്ചയിലെ ധാരണങ്ങള്‍ നഗരസഭ ലംഘിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വൈദ്യുതി ബില്‍ത്തുകയിലെ പകുതി അടയ്ക്കണമെന്ന് കെഎസ്ഇബി നഗരസഭയ്ക്ക് മൂന്നുതവണ കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. അടിയന്തരമായി ബില്‍ത്തുക അടച്ച് കുടിവെള്ള വിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വി ആര്‍ സജി അറിയിച്ചു.
നഗരസഭ സെക്രട്ടറി വി പ്രകാശ്കുമാറുമായി വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സനെ സെക്രട്ടറി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. ബില്‍ത്തുക അടയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നേതാക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോര്‍ജ്, പൊന്നമ്മ സുഗതന്‍, ലോക്കല്‍ സെക്രട്ടറി കെ എന്‍ വിനീഷ്‌കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ സുധര്‍മ മോഹനന്‍, ധന്യ അനില്‍, ഷജി തങ്കച്ചന്‍, ബിന്ദുലത രാജു, പി എം നിഷ എന്നിവരും പങ്കെടുത്തു.