വോട്ടര്‍ പട്ടിക പുതുക്കല്‍ 2023;ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ജില്ലാ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറായ വെങ്കിടേഷ്പതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 ന് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സംയുക്ത അവലോകന യോഗത്തില്‍ വെച്ചാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധിയായ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാറിന് ഇടുക്കി മണ്ഡലത്തിലെ വോട്ടര്‍പട്ടിക കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.
2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 8,73,132 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചത്. 2022 നവംബര്‍ 9 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 8,84,941 ആയിരുന്നു.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2022 നവംബര്‍ 9 മുതല്‍ 2022 ഡിസംബര്‍ 18 വരെയുള്ള സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ നടന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയില്‍ മരണപ്പെട്ടവരും (9738) താമസം മാറിയവരും (8487) ഉള്‍പ്പെടെ ആകെ 18225 വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് മരണപ്പെട്ടവരുടേത് ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചത്.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.
18 വയസുള്ള 3680 വോട്ടര്‍മാരാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1, എന്നീ യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത് ആ യോഗ്യതാ തീയതിയനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അര്‍ഹത അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം നല്‍കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. സ്‌കൂള്‍ കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ അപേക്ഷകരുടെ വര്‍ധന. വിവിധ പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 6416 ആളുകളാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളത്.
വോട്ടര്‍ പട്ടിക പുതുക്കലും ശുദ്ധീകരിക്കലും ഒരു മാരത്തണ്‍ പ്രക്രിയയാണെന്നും തുടര്‍ന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാവണമെന്നും മൂന്നാംഘട്ട അവലോകന യോഗത്തിനെത്തിയ ഇലക്ഷന്‍ ഒബ്‌സര്‍വര്‍ വെങ്കിടേഷ്പതി പറഞ്ഞു. ജില്ലയിലെ ആധാര്‍ സീഡിങ് 59 ശതമാനം മാത്രമാണെന്നും വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നത് മെച്ചപ്പെടുത്തണമെന്നും ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ആവശ്യപ്പെട്ടു. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ആര്‍. ലത, ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ താലൂക്കുകളിലെ അസി. ഇലക്ടറല്‍ റോള്‍ ഓഫീസര്‍മാര്‍, ഇലക്ടഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
അന്തിമ വോട്ടര്‍ പട്ടികയിലെ സുപ്രധാന വിവരങ്ങള്‍:
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ – 873132
ജില്ലയിലെ ആകെ സ്ത്രീ വോട്ടര്‍മാര്‍ – 442430
ജില്ലയിലെ ആകെ പുരുഷ വോട്ടര്‍മാര്‍ – 430696
ജില്ലയിലെ ആകെ ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാര്‍ – 6
കൂടുതല്‍ വോട്ടര്‍മാരുള്ള താലൂക്ക് – തൊടുപുഴ (186032)
കുറവ് വോട്ടര്‍മാരുള്ള താലൂക്ക് – ഉടുമ്പന്‍ചോല (166903)
കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള താലൂക്ക് -തൊടുപുഴ (93796 )
കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ള താലൂക്ക് -തൊടുപുഴ (3)
ജില്ലയിലെ ആകെ പ്രവാസി വോട്ടര്‍മാര്‍ – 319
പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള താലൂക്ക് – തൊടുപുഴ (181)
80 വയസിന് മുകളില്‍ പ്രായമുള്ള ആകെ വോട്ടര്‍മാര്‍ – 20157.