അല്‍ഫാം കഴിച്ച് കോട്ടയത്ത് യുവതി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു


കണ്ണൂര്‍: അല്‍ഫാം കഴിച്ച് കോട്ടയത്ത് യുവതി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു.
ഇന്നലെ മൂന്ന് സ്ക്വാഡുകളായി കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്ബ് എന്നിവിടങ്ങളിലായി 39 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
ലൈസന്‍സില്ലാത്തതും, രജിസ്ട്രേഷനില്ലാത്തതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതുമായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ പൂട്ടി. ഒന്‍പത് കടകള്‍ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കി. മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് സാമ്ബിള്‍ കളക്‌ട് ചെയ്ത് പരിശോധനയ്ക്കയച്ചു. രണ്ട് കടകള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നല്‍കി.
പുഴുവരിക്കുന്നതും പൂപ്പല്‍ പിടിച്ചതും പഴകിയതുമായ ഭക്ഷണാവശിഷ്ടങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. അല്‍ഫാം, തന്തൂരി, ബീഫ്, ന്യൂഡില്‍സ്, കേക്കുകള്‍, മയോണൈസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. എം.ആര്‍.എ, സീതാപാനി, എം.വി.കെ, തലശ്ശേരി റസ്റ്റോറന്റ്, ബോസ്കോ, ഹംസ ടീ ഷോപ്പ്, ബേ ഫോര്‍, ബെര്‍ക്ക, ഗ്രീഷ്മ, മാറാബി, സിത്താര, പെര്‍ക്ക റസ്റ്റോറന്റ്, ഡിഫിലാന്റ്, പ്രേമ കഫെ, ബീജിംഗ്, സെവന്‍ത് ലോഞ്ച്, സൂഫി മക്കാന്റി, യിപ്പി കൗണ്ടര്‍, ചാര്‍ക്കോള്‍ ബേ, കഫേ മലബാര്‍, കല്‍പക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെയും മിനിയാന്നുമായി പഴകിയ ഭക്ഷണാവശിഷ്ടങ്ങള്‍ പിടികൂടിയത്.
അപകടം ബാക്ടീരിയ
ഭക്ഷ്യ വിഷബാധയ്ക്കു പ്രധാന കാരണം ബാക്ടീരിയ ആണ്. കേടുവന്ന ഭക്ഷണത്തില്‍ ഉണ്ടാകുന്ന ബാക്ടീരിയല്‍ ടോക്സിന്‍ ആണ് അപകടം. പച്ച മുട്ടയില്‍ ഓയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ മുട്ടയില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബാക്ടീരിയകള്‍ പനി, ഛര്‍ദ്ദി, വയറിളക്കം, കഠിനമായ വയറു വേദന, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും.
കര്‍ശനമായ പരിശോധനകളും നടപടികളും തുടര്‍ന്നുള്ള ദിവസങ്ങളിലുമുണ്ടാകും. ഭക്ഷ്യയോഗ്യമല്ലാത്തവ പിടിച്ചെടുക്കുന്ന കടയുടെ പേരുകള്‍ ഇനിമുതല്‍ പരസ്യപ്പെടുത്തും. ജനങ്ങളുടെ ജീവന് വെല്ലുവിളിയാകുന്ന ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.
മേയര്‍ ടി.ഒ. മോഹനന്‍