മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിതരണത്തിന്റെ മേല്‍നോട്ടച്ചുമതല ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം പൂര്‍ണമായി ഏറ്റെടുക്കാന്‍ കേന്ദ്രം


തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിതരണത്തിന്റെ മേല്‍നോട്ടച്ചുമതല ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം പൂര്‍ണമായി ഏറ്റെടുക്കാന്‍ കേന്ദ്രം.ഈ മാസം ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷന്‍ പദ്ധതി സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം ഇതിന്റെ സൂചന നല്‍കി. വിതരണം സംബന്ധിച്ച സൂക്ഷ്മമായ കാര്യങ്ങളില്‍ പോലും കേന്ദ്രം റിപ്പോര്‍ട്ട് തേടി വരികയാണ്. നിലവില്‍ ഇതിന്റെയെല്ലാം വിതരണച്ചുമതല സംസ്ഥാനത്തിനാണ്. കൃഷി കുറവാണെന്നതും ഉപഭോക്തൃ സംസ്ഥാനമെന്നതും പരിഗണിച്ചാണ് കേരളത്തിന് ഇപ്പോള്‍ മെച്ചപ്പെട്ട റേഷന്‍ വിഹിതം ലഭിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളും നാണ്യവിളകളും ഉല്‍പാദിപ്പിച്ച് രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാനമെന്ന പരിഗണനയില്‍ ടൈഡ് ഓവര്‍ വിഹിതമായും കേരളത്തിന് കേന്ദ്രം വര്‍ഷങ്ങളായി അരി നല്‍കുന്നു. പ്രതിവര്‍ഷം 16.25 ലക്ഷം ടണ്‍ അരി നല്‍കിയിരുന്നത് ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പായ 2013നു ശേഷം 14.25 ലക്ഷം ടണ്‍ ആയി ചുരുങ്ങി. 2 ലക്ഷം ടണ്‍ അരിക്കായി കേരളം പല തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല.