ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) കൂടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കേരളത്തില്‍ ഗുരുതര വീഴ്ച

തൃശൂര്‍: ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) കൂടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കേരളത്തില്‍ ഗുരുതര വീഴ്ച.അഞ്ചു വര്‍ഷം മുമ്ബ് തുടക്കമിട്ട ജി.എസ്.ടിയില്‍ ഇതിനായി കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇതുവരെ ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. ഖജനാവ് കാലിയായി കടത്തില്‍ കേരളം മുങ്ങിയിട്ടും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഇഴയുകയാണ്.ഏതാണ്ട് 16,000 കോടിയോളം രൂപ പിരിച്ചെടുക്കാതെ കൂടിശ്ശികക്കാരെ സഹായിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. 2017 ജൂലൈ ഒന്ന് മുതല്‍ തുടങ്ങിയ ജി.എസ്.ടിയില്‍ റവന്യു റിക്കവറി നടപടികള്‍ കര്‍ശനമല്ല. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം കണ്ടെത്തിയ നികുതി നിര്‍ണയ കുടിശ്ശികകള്‍ പിരിക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാക്കിയിട്ടില്ല. ജി.എസ്.ടി കുടിശ്ശികക്കാരില്‍ ഭൂരിഭാഗവും കച്ചവടം നിര്‍ത്തിയതായാണ് വിവരം.സോഫ്റ്റ് വെയര്‍ പരിഷ്കരിച്ച് റിക്കവറി നടപടികള്‍ തുടങ്ങുമ്ബോള്‍ ഇതര സംസ്ഥാനക്കാരായ ഇവരില്‍ പലരും കേരളം വിടാനുള്ള സാധ്യതയാണ് നിഴലിക്കുന്നത്. 2018 മുതല്‍ കുടിശ്ശിക തീര്‍പ്പാക്കലിനായി കൊണ്ടുവന്ന വിവിധ ആംനസ്റ്റി സ്കീമുകള്‍ അമ്ബേ പരാജയപ്പെട്ടു. കാമ്ബില്ലാത്ത നികുതി നിര്‍ണയങ്ങളാണ് ഇവ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം. 2018, 2019ലെ പ്രളയം, 2020ലെ കോവിഡ് അടച്ചുപൂട്ടല്‍ തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് നടപടികള്‍ കര്‍ശനമാക്കാത്തത്. ഇതുമൂലം എന്ത് ഇളവ് പ്രഖ്യാപിച്ചാലും കുടിശ്ശിക അടക്കുവാന്‍ കച്ചവടക്കാര്‍ മുമ്ബോട്ട് വരാത്ത സാഹചര്യമാണുള്ളത്.മൊത്തം നികുതി വരുമാനത്തിന്റെ 80 ശതമാനം പ്രതിനിധാനം ചെയ്യുന്ന ജി.എസ്.ടി വകുപ്പിന്റെ കാര്യക്ഷമതയെക്കുറിച്ച് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തും ഏറെ പഴി കേട്ടിരുന്നു. ഇപ്പോഴത്തെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ചക്കിളത്തി പോരാട്ടം മൂലം വകുപ്പ് പുനഃസംഘടനയും എങ്ങുമെത്തിയിട്ടില്ല.വകുപ്പിലെ ജീവനക്കാര്‍ ഇപ്പോഴും പഴയ നികുതി നിയമം അനുസരിച്ചാണ് സേവനം ചെയ്യുന്നത്. ജി.എസ്.ടിക്ക് അനുസൃതമായി ജീവനക്കാരെ പുനര്‍ വിന്യസിച്ചാലെ നികുതി പിരിവ് കാര്യക്ഷമമാകൂ. ഭീമമായ നികുതി കുടിശ്ശിക പിരിച്ചെടുക്കുവാനോ ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കി നികുതി വെട്ടിപ്പ് തടയാനോ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നലപാടില്‍ ജീവനക്കാര്‍ക്കും പ്രതിഷേധമുണ്ട്.