ശബരിമലയിൽ ഭക്തജനപ്രവാഹം; ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും
തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ഉന്നത ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി ഒരു ലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമല ദർശനം നടത്തുന്നത്. ഇന്നത്തെ കണക്കും ഒരു ലക്ഷത്തിന് മുകളിലാണ്. കൃത്യമായി പറഞ്ഞാൽ 1,07,260 പേരാണ് ഇന്ന് ശബരിമലയിൽ ദർശനത്തിനായി ഓൺലൈനായി ബുക്ക് ചെയ്തത്.
ഈ സീസണിൽ ഇത് രണ്ടാം തവണയാണ് തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിലെ ദർശന സമയത്തിൽ ഇന്നലെ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തിരക്കേറിയ ദിവസങ്ങളിൽ രാത്രി 11.30ന് ക്ഷേത്രം അടയ്ക്കാനാണ് തീരുമാനം. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേർത്ത യോഗത്തിൽ കൂടുതൽ ക്രമീകരണങ്ങൾ നടത്താൻ സാധ്യതയുണ്ട്.
പ്രതിദിന തീർത്ഥാടകരുടെ എണ്ണം 85,000 ആയി പരിമിതപ്പെടുത്തണമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യും. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി മാത്രമേ തീർത്ഥാടകരെ പമ്പയിൽ നിന്ന് പ്രവേശിപ്പിക്കൂവെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി ഓരോ പോയിന്‍റിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് പുറമെ വിവിധ സേനകളുടെ സേവനം ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ 10ഉം 12ഉം മണിക്കൂർ വരെ ക്യൂ നിന്നാൽ മാത്രമേ സന്നിധാനത്ത് എത്താൻ കഴിയൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ശനിയാഴ്ച ഉച്ചയോടെ മലകയറിയവർക്ക് ദർശനം ലഭിച്ചത് ഞായറാഴ്ചയാണ്.