ഒറ്റ സിഗരറ്റ് വിൽപ്പന കേന്ദ്രം വിലക്കിയേക്കും
ന്യൂഡൽഹി: ഒരു സിഗരറ്റിന്‍റെ മാത്രം വിൽപ്പന നിരോധിക്കാൻ കേന്ദ്രം. ഭൂരിഭാഗം ആളുകളും ഒരു സിഗരറ്റ് മാത്രം വാങ്ങുന്നവരാണെന്നും ഇത് പുകയില വിരുദ്ധ കാമ്പയിന്‍റെ വിജയത്തെ തടസ്സപ്പെടുത്തുന്നുവെന്നുമാണ് പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിലപാട്. പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഇത് സംബന്ധിച്ച് ശുപാർശ നൽകിയതായാണ് റിപ്പോർട്ട്. ഇതേതുടർന്ന് ഒറ്റ സിഗരറ്റിന്‍റെ വിൽപ്പന നിരോധിക്കാൻ കേന്ദ്രം തയ്യാറായേക്കുമെന്നാണ് സൂചന.
വിമാനത്താവളങ്ങളിൽ നിലവിലുള്ള പുകവലി മേഖലകൾ നീക്കം ചെയ്യണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഇന്ത്യ 75% ജിഎസ്ടി ഏർപ്പെടുത്തണം. നിലവിൽ സിഗരറ്റിന്‍റെ ജിഎസ്ടി 53 ശതമാനമാണ്. ബിഡിക്ക് 22 ശതമാനവും പുകയില്ലാത്ത പുകയിലയ്ക്ക് 64 ശതമാനവുമാണ് നിരക്ക്.
ബജറ്റ് സമ്മേളനത്തിന് മുമ്പ് ശുപാർശയിൽ കേന്ദ്രം തീരുമാനമെടുക്കാനാണ് സാധ്യത. ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരം ഇ-സിഗരറ്റിന്‍റെ വിൽപ്പനയും ഉപയോഗവും മൂന്ന് വർഷം മുമ്പ് കേന്ദ്രം നിരോധിച്ചിരുന്നു. ഇന്ത്യയിൽ ഓരോ വർഷവും 3.5 ലക്ഷം പേർ പുകവലി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്‍റെ ഒരു സർവേ പ്രകാരം പുകവലിക്കാരിൽ 46% നിരക്ഷരരും 16% കോളേജ് വിദ്യാർത്ഥികളുമാണ്.