ഹരിതരശ്മി തിളങ്ങുന്നു; വട്ടവടയിൽ വൻ വിളവെടുപ്പ്

മറയൂര്‍: ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ വട്ടവടയില്‍ സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് വഴി നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധയിലൂടെ നൂറുമേനി വിളയിച്ച് കര്‍ഷകര്‍.വളവും വിത്തും സൗജന്യമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയായിരുന്നു പദ്ധതിക്ക് തുടക്കംകുറിച്ചത്.വയനാട്, ഇടുക്കി ജില്ലകളിലാണ് ഹരിതരശ്മി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വയനാട്ടില്‍ 3000 കര്‍ഷകരും ഇടുക്കിയില്‍ 1000 കര്‍ഷകരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. വട്ടവട പഞ്ചായത്തിലെ സ്വാമിയാറളക്കുടി, കൂടല്ലാര്‍കുടി, വത്സപ്പെട്ടിക്കുടി തുടങ്ങിയ മൂന്ന് കുടികളില്‍നിന്നുള്ള 322പേരാണ് ഹരിതരശ്മി പദ്ധതിയുടെ ഭാഗമായി ഇത്തവണ കൃഷിയിറക്കിയത്. വില്‍പനക്കുള്ള വിപണി കണ്ടെത്താനും ഇവര്‍ പിന്തുണ നല്‍കും. പദ്ധതിയിലൂടെ കൃഷിയിറക്കിയ പച്ചക്കറികള്‍ നൂറുമേനി വിളവ് നല്‍കിയിട്ടുണ്ട്.ഉരുളക്കിഴങ്ങ്, കാബേജ്, ബീന്‍സ്, കാരറ്റ് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കര്‍ഷകര്‍ പദ്ധതിയിലൂടെ വിളയിച്ചെടുത്തിട്ടുള്ളത്. വിളവെടുപ്പിന്‍റെ ഭാഗമായി വട്ടവടയില്‍ യോഗം ചേരുകയും പദ്ധതിയുടെ അവലോകനം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന കോഓഡിനേറ്റര്‍ ടി.ജി. അനില്‍, ജില്ല കോഓഡിനേറ്റര്‍ ടിജോ ജോസഫ്, വി.കെ. കല്ലുള്ള, അസ്ലം പി. ഇല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.