ആൺകുട്ടികളും രാത്രി 9.30ന് മുമ്പ് കയറണം; ഹോസ്റ്റൽ പ്രവേശന സമയക്രമത്തിൽ ലിംഗവിവേചനം പാടില്ലെന്ന് സർക്കാർ

തിരുവനന്തപുരം: വിദ്യാർഥികളുടെ ഹോസ്റ്റൽ പ്രവേശന സമയക്രമത്തിൽ ലിംഗവിവേചനം പാടില്ലെന്ന് സർക്കാർ. സമയക്രമത്തിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഇറക്കി. രാത്രി 9.30ന് മുൻപ് വിദ്യാർഥികൾ തിരികെ പ്രവേശിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് ബാധകമാണ്. ഹോസ്റ്റൽ അധികൃതരുടെ ഭാഗത്തുനിന്ന് ലിംഗവിവേചനം ഉണ്ടാകരുതെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. മെഡിക്കൽ, ഡെന്റൽ ഉൾപ്പെടെയുള്ള യുജി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പ്രവേശനം സംബന്ധിച്ചാണ് ഉത്തരവ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉത്തരവ് ബാധകമാണ്.
ഹോസ്റ്റലുകളിൽ തിരികെ പ്രവേശിക്കുന്നതിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവേചനമുണ്ടെന്നും സമയക്രമീകരണം വേണമെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സമയം പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്നും ആരോപിച്ച് കോടതിയില്‍ കേസും നടക്കുന്നുണ്ട്
ഹോസ്റ്റലുകളുടെ ഗേറ്റുകൾ രാത്രി 9.30 ന് അടക്കും. ഗേറ്റിലെ സെക്യൂരിറ്റി ഗാർഡ് മൂവ്മെന്റ് രജിസ്ട്രേഷൻ സൂക്ഷിക്കണം. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കാണ് 9:30 എന്ന സമയം കര്‍ശനമായി ബാധകമാവുക.
ഒന്നാം വർഷ വിദ്യാർത്ഥികൾ 9.30 നുള്ളിൽ തിരികേ പ്രവേശിക്കണമെന്നത് കർശനമാണ്. ഈ കാര്യത്തിൽ കോളേജ് അധികൃതരിൽ നിന്ന് ലിംഗവിവേചനം ഉണ്ടാകരുത്. 9.30ന് ശേഷം തിരിച്ചെത്തേണ്ട സാഹചര്യമുണ്ടായാൽ ഒന്നാം വർഷ വിദ്യാർത്ഥികൾ രക്ഷകർത്താവിന്റെ കുറിപ്പ് വാർഡന് നൽകണം. കുറിപ്പിൽ പറയുന്ന സമയത്തിനു ശേഷമാണ് തിരിച്ചെത്തുന്നതെങ്കിൽ വിദ്യാർത്ഥി മുവ്മെന്റ് രജിസ്റ്ററിൽ ഒപ്പുവെക്കണം. ആവശ്യമെങ്കിൽ രക്ഷിതാവിനേയും വിവരം അറിയിക്കാം.രണ്ടാം വര്‍ഷം മുതല്‍, വൈകി തിരികെയെത്തുന്ന വിദ്യാർത്ഥികൾ ഐഡി കാര്‍ഡുകള്‍ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്‌മെന്റ് രജിസ്റ്ററില്‍ സമയം കാണിച്ച് ഒപ്പുവെയ്ക്കുകയും ചെയ്തതിനുശേഷമേ അകത്തുപ്രവേശിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.