കുരുമുളക് വില കുത്തനെ ഇടിയുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു
കട്ടപ്പന: കുരുമുളക് വില കുത്തനെ ഇടിയുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. കേരളത്തിലെ കുരുമുളക് വിപണിയുടെ പ്രധാനകേന്ദ്രമായ കട്ടപ്പന മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഒരു കിലോക്ക് 485 മുതല്‍ 489 രൂപ വരെ മാത്രമായിരുന്നു വില.വിളവെടുപ്പ് സീസണ്‍ അടുത്തിരിക്കെ ഉണ്ടായ വിലയിടിവ് കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്.വളം, കീടനാശിനി, തൊഴിലാളികളുടെ കൂലി എന്നിവക്കൊന്നും ഈ വില ലഭിച്ചാല്‍ മതിയാകില്ല. 2014ല്‍ കിലോക്ക് 710 രൂപയുണ്ടായിരുന്നു. 2015 മുതല്‍ വില പടിപടിയായി കുറയുകയാണ്. രണ്ട് മാസത്തിനിടെ വില കിലോക്ക് 460 രൂപയിലേക്ക് താഴ്ന്ന് വീണ്ടും 489 രൂപ വരെ എത്തി. 2015 ജൂലൈയില്‍ 640 രൂപയായി. 2016 ഒക്ടോബറില്‍ 681 രൂപയായി ഉയര്‍ന്നെങ്കിലും 2017 ജനുവരിയില്‍ 654 ലേക്ക് താഴ്ന്നു. പിന്നീട് വില കുത്തനെ ഇടിയുകയായിരുന്നു.2017 സെപ്റ്റംബറില്‍ വില 430 ലേക്ക് താഴ്ന്നു. ഡിസംബറില്‍ അല്‍പം ഉയര്‍ന്ന് 450 ല്‍ എത്തിയെങ്കിലും 2018 ജനുവരിയില്‍ 400 രൂപയില്‍ താഴെയെത്തി. പിന്നീട് വിലയിടിവ് തുടര്‍ന്ന് 360 രൂപയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി വില കൂടിയും കുറഞ്ഞും മാറിമറിഞ്ഞ് 500 രൂപയില്‍ താഴ്ന്ന് നില്‍ക്കുകയാണ്. നാല് വര്‍ഷം മുമ്ബ് ഓഫ്സീസണില്‍ കിലോക്ക് 681രൂപ വരെ വില്‍പന നടന്നതിനാല്‍ ഇത്തവണ കാര്യമായ വര്‍ധന ഉണ്ടാകുമെന്ന വിശ്വാസത്തില്‍ കുരുമുളക് സംഭരിച്ച കര്‍ഷകര്‍ക്ക് വിലയിടിവ് കനത്ത ആഘാതമായി.വില 500 രൂപയില്‍ താഴ്ന്നപ്പോള്‍ വീണ്ടും ഉയരുമെന്നായിരുന്നു പ്രതീക്ഷ. വിലത്തകര്‍ച്ച തുടര്‍ന്നപ്പോള്‍ കിട്ടിയ വിലയ്ക്ക് മുളക് വില്‍ക്കേണ്ട ഗതികേടിലായി കര്‍ഷകര്‍. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് കാത്തിരുന്ന കര്‍ഷകര്‍ കടക്കെണിയിലേക്ക് നീങ്ങുകയാണ്. കാലവര്‍ഷത്തില്‍ കുരുമുളക് ചെടികള്‍ വ്യാപകമായി നശിച്ചിരുന്നു.തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത്തവണ നല്ല വിളവാണ്. കഴിഞ്ഞ സീസണില്‍ കേരളത്തിലടക്കം ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇറക്കുമതി വര്‍ധിച്ചതാണ് വിലത്തകര്‍ച്ചക്ക് വഴിയൊരുക്കിയത്. കാലാവസ്ഥാ വ്യതിയാനവും മഴക്കുറവും മൂലം കഴിഞ്ഞ സീസണില്‍ ഉല്‍പാദനം 40 ശതമാനം കുറവായിരുന്നു. ഇത് മറികടക്കാനാണ് ഇറക്കുമതി വര്‍ധിപ്പിച്ചത്. വിയറ്റ്‌നാം, ശ്രീലങ്ക കുരുമുളകാണ് ഇറക്കുമതി ചെയ്യുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഇറക്കുമതിയാണ് രാജ്യത്തെ കുരുമുളക് വിപണിയെ സാരമായി ബാധിച്ചത്.ഗുണനിലവാരം കുറവാണെങ്കിലും പരിശോധന കൂടാതെയാണ് ഇന്ത്യന്‍ വിപണിയില്‍ വിദേശ കുരുമുളക് എത്തുന്നതെന്ന് ആക്ഷേപമുണ്ട്.ഇതിനൊപ്പം കേരളത്തില്‍നിന്നുള്ള ഉല്‍പന്നത്തേക്കാള്‍ കുറഞ്ഞ വിലയില്‍ കര്‍ണാടകയില്‍നിന്ന് കുരുമുളക് വിപണിയില്‍ എത്തുന്നതും തിരിച്ചടിയായി. വിളവെടുപ്പ് പൂര്‍ത്തിയാകുമ്ബോള്‍ വില ഇനിയും ഇടിയുമെന്നാണ് ആശങ്ക. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടമെടണമെന്നാണ് ആവശ്യം.