തീരദേശ റെയില്‍വേക്ക് വേണ്ടി വീണ്ടും ജനകീയ ശബ്ദമുയരുന്നു


കൊടുങ്ങല്ലൂര്‍: തീരദേശ റെയില്‍വേക്ക് വേണ്ടി വീണ്ടും ജനകീയ ശബ്ദമുയരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ റെയില്‍വേ വികസന പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തീരദേശ റെയില്‍വേ എന്ന സ്വപ്നത്തിന് വീണ്ടും ജീവന്‍ വെക്കുന്നത്.50,000ത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുഴുവന്‍ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പു വരുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുങ്ങല്ലൂര്‍ നഗരംകൂടി ഉള്‍പ്പെടുന്ന തീരദേശ റെയില്‍വേക്കുവേണ്ടി വീണ്ടും ശബ്ദമുയരുന്നത്.കേരളത്തില്‍ 50,000നു മേലെ ജനസംഖ്യയുള്ള നാല് നഗരങ്ങളിലൊന്ന് കൊടുങ്ങല്ലൂര്‍ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ചെന്നൈയിലെ റെയില്‍വേ സോണല്‍ മാനേജര്‍ക്ക് ഇ-മെയില്‍ മുഖേന കൊടുങ്ങല്ലൂര്‍ പൗരസമിതി നിവേദനം നല്‍കി.
കോസ്റ്റല്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലും റെയില്‍വേയുടെ വിവിധ അധികാരികള്‍ക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. പതിറ്റാണ്ടുകളായി തീരദേശത്തെ വിവിധ സംഘടനകള്‍ ഇടപ്പള്ളി-തിരൂര്‍ തീരദേശ റെയില്‍പാതക്കായി ശ്രമം നടത്തിവരുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലം മുതല്‍ ആവശ്യം നിലവിലുണ്ട്.പദ്ധതിക്കായി സര്‍വേകളും നടന്നിരുന്നു. എന്നാല്‍, ഇടക്കാലത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പാത വരുകയാണെങ്കില്‍ നിലവിലെ കന്യാകുമാരി-മുംബെ പാതയില്‍ ഉള്‍പ്പെടാത്ത എറണാകുളം മുതല്‍ തിരൂര്‍ വരെയുള്ള തീരദേശം വരുകയും ഏകദേശം 60 കി.മീറ്റര്‍ ദൂരം കുറയുകയും ചെയ്യും. മാത്രമല്ല, അടിയന്തരഘട്ടങ്ങളില്‍ ഒരു സമാന്തര പാതയായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
പ്രസിദ്ധങ്ങളായ ദേവാലയങ്ങളെ കൂട്ടിയിണക്കുന്ന പാതയാകുന്നതിനാല്‍ തീര്‍ഥാടന ടൂറിസവികസനത്തിന് സാധ്യതയേറും. മുസ്രിസ് പൈതൃകപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്കും ഉപകാരപ്പെടും.ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ നഗരം ഉള്‍പ്പെടെ തൃപ്രയാര്‍, ഗുരുവായൂര്‍ നഗരങ്ങളുടെ വികസനത്തിന്റെ വേഗം കൂട്ടാനും ഈ പാത ഉപകരിക്കുമെന്ന് നിവേദനങ്ങളില്‍ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ ചാലക്കുടി എം.പി ബെന്നി ബഹനാന്‍, തൃശൂര്‍ എം.പി ടി.എന്‍. പ്രതാപന്‍, എറണാകുളം എം.പി ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവരുടെ പിന്തുണക്കും ഇടപെടലിനും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.