ഏലപ്പാറ വള്ളക്കടവില്‍ വീണ്ടും ചന്ദനമരങ്ങള്‍ മോഷണം പോയി
ഉപ്പുതറ: ഏലപ്പാറ വള്ളക്കടവില്‍ വീണ്ടും ചന്ദനമരങ്ങള്‍ മോഷണം പോയി. വള്ളക്കടവ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര ഭൂമിയില്‍നിന്നും സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ നിന്നുമാണ് ചന്ദനമരങ്ങള്‍ മോഷണം പോയത്.
ഏലപ്പാറ ഹെലിബറിയ വള്ളക്കടവ് ക്ഷേത്രത്തില്‍ രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ചന്ദനമരങ്ങള്‍ മോഷണം പോകുന്നത്.
കഴിഞ്ഞ മാസം 19 ന് രാത്രി 60 ഇഞ്ചും 50 ഇഞ്ചും വണ്ണമുള്ള ചന്ദനമരങ്ങളാണ് മോഷണം പോയത്. ഇതിനു പിന്നാലെ ചൊവ്വാഴ്‌ച രാത്രി 65 ഇഞ്ചും 50 ഇഞ്ചും വണ്ണമുള്ള രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. ക്ഷേത്രത്തിന് സമീപമുള്ള ഹെലിബറിയ പാര്‍വ്വതി ഭവനില്‍ കടക്കരയെന്നയാളുടെ പട്ടയ ഭൂമിയില്‍ നിന്നിരുന്ന 50, 40, 35 ഇഞ്ചുകള്‍ വണ്ണമുണ്ടായിരുന്ന മൂന്ന് ചന്ദനമരങ്ങളും മോഷ്ര്‌ടാക്കള്‍ അപഹരിച്ചിട്ടുണ്ട്. ഇവിടെയിരുന്ന് ഭക്ഷണം കഴിച്ച് മദ്യപിച്ച ശേഷമാണ് ചന്ദനമരങ്ങള്‍ മോഷ്‌ടിച്ചത്. ഒഴിഞ്ഞ മദ്യകുപ്പിയും ഭക്ഷണം പൊതിഞ്ഞ് കൊണ്ടു വന്ന പ്ലാസ്‌റ്റിക് കവറും സമീപത്ത് തെളിവായി അവശേഷിച്ചിട്ടുണ്ട്.
കഴിഞ്ഞ 19ന് ക്ഷേത്രം ഭൂമിയില്‍ നിന്നും ചന്ദനമരം നഷ്‌ടപ്പെട്ടപ്പോള്‍ ക്ഷേത്രം ഭരണസമിതി പോലീസിലും വനം വകുപ്പിലും പരാതി നല്‍കിയിരുന്നു. പോലീസിന്റെയും വനം വകുപ്പ് ഉദ്യാഗസ്‌ഥരുടെയും അനാസ്‌ഥ നിമിത്തമാണ് വീണ്ടും ചന്ദനമരങ്ങള്‍ നഷ്‌ടപ്പെടാനിടയായത്. വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെയും ചന്ദന മാഫിയയുടെയും ഒത്തുകളിയാണ് സ്‌ഥിരമായി ചന്ദനമരങ്ങള്‍ മോഷണം പോകുന്നതെന്നും ആരോപണമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബും ക്ഷേത്രം ഭൂമിയില്‍ നിന്നും വിലപിടിപ്പുള്ള മരങ്ങളും ചന്ദനമരങ്ങളും മോഷണം പോയിട്ടുണ്ട്. ഇതുവരെയും മോഷണത്തിന് തുമ്ബുണ്ടാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കായിട്ടില്ല.