നാല്‍പ്പതുകാരിയായ വീട്ടമ്മയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ ഇടുക്കി കഞ്ഞിക്കുഴി പൊലീസ് പിടികൂടി
വെണ്മണി കൂടതൊട്ടി സ്വദേശി അമ്ബഴത്തിങ്കല്‍ ജോബിന്‍ ആണ് പിടിയിലായത്. തടിപ്പണിക്കാരനാണെന്നും പറമ്ബിലെ തടി നോക്കാനുള്ള വ്യാജേന യുവതിയുടെ വീട്ടില്‍ എത്തി കടന്നു പിടിക്കുകയായിരുന്നു. ഈ സമയം 10 വയസ്സ് ഉള്ള കുട്ടി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടമ്മ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. രാത്രി വെണ്മണിയില്‍ നിന്നാണ് ജോബിനെ കഞ്ഞിക്കുഴി സിഐ സാം ജോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
സമാനമായ മറ്റൊരു സംഭവത്തില്‍ എറണാകുളം തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊന്നുരുന്നിയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് അധ്യാപകനൊപ്പം ഇരുചക്രവാഹനത്തില്‍ മടങ്ങവേ ചിത്രപ്പുഴയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കുട്ടി സഹപാഠികളോട് വിവരം പങ്കുവച്ചതോടെയാണ് പരാതി പൊലീസിലെത്തിയത്. കേസില്‍ പ്രതിയായ പട്ടിമറ്റം സ്വദേശി കിരണ്‍ ഒളിവിലാണ്. സംഭവത്തില്‍ ഹില്‍പാലസ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസില്‍ നാല് പേര്‍ അറസ്റ്റിലായി. മോഡലിന്‍റെ സുഹൃത്തും മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. ബലാത്സംഗം, ഗുഢാലോചന, കടത്തിക്കൊണ്ടുപോകാന്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ വിവേക്, നിതിന്‍, സുധി, ഒപ്പം യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡോളി എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സഞ്ചരിക്കുന്ന കാറില്‍ ക്രൂരമായ പീഡനമാണ് താന്‍ നേരിട്ടതെന്നും, അന്വേഷണം ശരിയായ ദിശയിലാണോയെന്ന് സംശയമുണ്ടെന്നും മോഡല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
ഡോളി വിളിച്ചിട്ടാണ് ഹോട്ടലില്‍ പോയതെന്നും ഹോട്ടലില്‍ വച്ച് തനിക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയമുണ്ടെന്ന് യുവതി പറയുന്നു. അവശയായ നിലയിലായ 19കാരിയെ താന്‍ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തില്‍ കയറ്റിയത് രാജസ്ഥാന്‍ സ്വദേശി ഡോളിയാണെന്നും പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.