വ്യാപാരസ്ഥാപനങ്ങളില്‍ നിരീക്ഷണക്യാമറ നിര്‍ബന്ധമാക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളില്‍ നിരീക്ഷണക്യാമറ നിര്‍ബന്ധമാക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍. നിശ്ചിത എണ്ണത്തിന് മുകളില്‍ ഉപഭോക്താക്കള്‍ എത്തുന്ന എല്ലാ സ്ഥാപനങ്ങളും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. വ്യാപാരസ്ഥാപനങ്ങള്‍ ചുരുങ്ങിയത് ഒരുമാസം സംഭരണശേഷിയുള്ള സെര്‍വര്‍ സ്ഥാപിക്കണം. പ്രധാന റോഡുകള്‍ നിര്‍മ്മിക്കുമ്ബോള്‍ ആസൂത്രണഘട്ടത്തില്‍ത്തന്നെ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി ഉറപ്പാക്കും.
പഞ്ചായത്ത്, മുനിസിപ്പല്‍, പൊലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിലെയും മോട്ടോര്‍വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ്, മോട്ടോര്‍വാഹനവകുപ്പുകളുടെ എല്ലാ നിരീക്ഷണക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉടന്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേടായവ നന്നാക്കും. പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത ക്യാമറകള്‍ മാറ്റി ആധുനികക്യാമറകള്‍ സ്ഥാപിക്കും. അതിവേഗം, ട്രാഫിക് നിയമ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്ന പൊലീസ് ക്യാമറകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്.
പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശ സ്വയംഭരണവകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് ക്യാമറകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ ആവശ്യം വന്നാല്‍ പൊലീസിന് നല്‍കാനുള്ള സന്നദ്ധത വളര്‍ത്താന്‍ ബോധവത്കരണം നടത്താനും തീരുമാനിച്ചു.