കെഎസ്ആർടിസി ബസ് ‘പറക്കും തളിക’യാക്കി വിവാഹയാത്ര നടത്തിയ സംഭവത്തിൽ കേസെടുത്തു
അടിമാലി: കെ.എസ്.ആർ.ടി.സി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വഴി കാണാത്ത വിധം അലങ്കരിച്ച് യാത്ര നടത്തിയതിനാണ് കേസ്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എൻ.എം റഷീദിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഡ്രൈവർ വിശദീകരിക്കണം. പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ജോയിന്‍റ് ആർ.ടി.ഒ അറിയിച്ചു.
അടിമാലിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തെ വധുവിന്‍റെ വീട്ടിലേക്ക് വരന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയ കോതമംഗലം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് വാഴ, തെങ്ങോല, ഇലകൾ എന്നിവ ഉപയോഗിച്ചാണ് അലങ്കരിച്ചത്.
എന്നാൽ, ഇരുമ്പുപാലത്തെത്തിയപ്പോൾ നിയമലംഘനത്തിന് കേസെടുക്കുമെന്ന് മനസിലാക്കിയതോടെ മിനിറ്റുകൾക്കകം അലങ്കാരപ്പണികൾ നീക്കം ചെയ്ത്, യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ട് ജീവനക്കാർ ബസുമായി രക്ഷപ്പെടുകയായിരുന്നു.