ഏലം വിലയിടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

പുല്‍പള്ളി: ഏലം വിലയിടിവ് വയനാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഏലക്കായ്ക്ക് ലഭിക്കുന്നത്.
ഏലത്തിന് നാല് വര്‍ഷം മുമ്ബ് 4000 രൂപ വരെ വില ലഭിച്ചിരുന്നു. ഇന്നത് 1000 രൂപ വരെയായി ചുരുങ്ങി. ഉത്പാദന ചെലവ് പോലും ലഭിക്കാത്ത വിധത്തിലാണ് ഏലം വില കൂപ്പുകുത്തിയിരിക്കുന്നത്.
കോവിഡ് ആരംഭിച്ചശേഷമാണ് വില ഇടിഞ്ഞത്. കോവിഡിന് മുമ്ബ് 4000 രൂപ വരെ വില ലഭിച്ചിരുന്നു. കോവിഡില്‍ വിപണി മന്ദഗതിയില്‍ ആയതോടെ ഗള്‍ഫില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞു. ഏലം കയറ്റുമതി കുറഞ്ഞതും വിലയിടിയാന്‍ പ്രധാന കാരണമായി. വയനാട്ടില്‍ ഏലം കൃഷി വ്യാപകമല്ല. എന്നാല്‍ മേപ്പാടി അടക്കമുള്ള സ്ഥലങ്ങളില്‍ ഈ കൃഷി കൂടുതലായുണ്ട്. വയനാട്ടില്‍ ഏലത്തിന്റെ പ്രധാന മാര്‍ക്കറ്റ് മേപ്പാടിയാണ്.
വില്‍പനക്കായി ഏലക്കായ നല്‍കിയാലും ഒറ്റത്തവണയായി പലപ്പോഴും പണം ലഭിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഡിമാന്റ് കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വ്യാപാരികളുടെ അഭിപ്രായം. വിലയിടിവിനെത്തുടര്‍ന്ന് ഏലം കൃഷിയിറക്കുന്നവരുടെ എണ്ണം കുറയുകയാണ്. രോഗ കീടബാധകള്‍ ഏല ചെടികളെ പിടികൂടുന്നത് കര്‍ഷകരെ തളര്‍ത്തുന്നു. ഉയര്‍ന്ന കൂലിയും പരിപാലന ചെലവുകളും കണക്കാക്കുമ്ബോള്‍ നഷ്ടക്കണക്കുകള്‍ മാത്രമാണ് ഏല കര്‍ഷകര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത്.