കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒരിക്കലും ലാഘവത്തോടെ കാണാന്‍ കഴിയില്ലെ എന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
കണ്ണൂര്‍ : കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒരിക്കലും ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ നിയമപാലകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
വഴിയരികില്‍ നിര്‍ത്തിയ കാറില്‍ ചാരി നിന്നതിന് തൊഴിയേറ്റ് പരിക്ക് പറ്റിയ ഇതര സംസ്ഥാനക്കാരനായ ആറു വയസുകാരനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ എന്‍ ഷംസീര്‍.
കുട്ടിയെ ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. കുട്ടിയെ അക്രമിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെയും(20) അദ്ദേഹത്തിന്റെ കാറും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവകാലങ്ങളില്‍ കേരളത്തിലെത്തി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് ചവിട്ടേറ്റത്. ഇന്നലെ രാത്രി മണവാട്ടി ജംഗ്ഷനിലായിരുന്നു സംഭവം.
















































































































