ഇടുക്കിയിൽ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട 38 പേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പണം അനുവദിച്ചു

ഇടുക്കി: 2019 ആഗസ്റ്റിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട 38 പേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും ആറ് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചതായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ഇവര്‍ക്ക് സ്ഥലം വാങ്ങിയതിന് ശേഷം വീട് നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം കളക്ടറേറ്റില്‍ നിന്ന് നേരിട്ട് അനുവദിക്കുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കട്ടപ്പന എളവപ്പാറ സ്വദേശി സുമി ഹരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
22 മാസമായി വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. തുടര്‍ന്ന് കമ്മിഷന്‍ ദുരന്തനിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി.റീബില്‍ഡ് കേരള മൊബൈല്‍ ആപ്പില്‍ വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ എന്ന കാറ്റഗറി ലഭ്യമല്ലായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തേണ്ട ഉപഭോക്താക്കളെ വീടിന് 75 ശതമാനം നാശനഷ്ടം സംഭവിച്ച കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.
ഇടുക്കി, ഉടുമ്ബന്‍ചോല, ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളില്‍ വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടപ്പെട്ട 38 ഗുണഭോക്താക്കളെ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്ഥലം വാങ്ങുന്നതിന് 6 ലക്ഷം രൂപയോ ആധാരത്തിലുള്ള തുകയോ അനുവദിച്ച് നല്‍കാന്‍ തീരുമാനമായി. വീട് പുനര്‍നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടിക ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയിട്ടുണ്ട്.കമ്മിഷനില്‍ പരാതി നല്‍കിയ സുമി ഹരിക്കും തുക അനുവദിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.