വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; സമരസമിതി നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലെ 11 കോടിയിൽ അന്വേഷണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന. ഇതേതുടര്‍ന്ന് തുറമുഖ വിരുദ്ധസമരസമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരികയാണ്. ഇതിൽ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം.
സമരസമിതി നേതാവ് എ ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. ഗതാഗതമന്ത്രി ആൻറണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയൻ എന്ന എ ജെ വിജയൻ.
2017 മുതൽ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തേ സംബന്ധിച്ചാണ് ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയവിനിമയച്ചട്ടം (FCNRA) ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്.
സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകൾക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങൾക്ക് കൈമാറിയിരുന്നതായി ഇന്റലിജൻസ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിക്കുന്നുണ്ട്. എ ജെ വിജയൻ നേതൃത്വം നൽകുന്ന കോസ്റ്റൽ വാച്ച് എന്ന സംഘടനയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരത്തിന് ഇരുത്താൻ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പണം കൈമാറിയിരുന്നത് തിരുവനന്തപുരം വഞ്ചിയൂർ കോൺവെന്റ് റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഖി(SAKHI )എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കൂടംകുളം ആണവനിലയ പദ്ധതി അട്ടിമറിക്കാനായി ചില വിദേശരാജ്യങ്ങൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകളെ കരുവാക്കിയെന്ന് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രസ്താവിച്ചിരുന്നു.