‘കഷായത്തിൽ വിഷം കലർത്തി’; ഷാരോൺ രാജിനെ കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മയുടെ കുറ്റസമ്മതം
തിരുവനന്തപുരം: പാറശാല ഷാരോൺ രാജിന്‍റെ മരണം കൊലപാതകം. ഷാരോണിന്റെ വനിതാ സുഹൃത്ത് ഗ്രീഷ്മ (22) കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്.
ഗ്രീഷ്മയുമായി ഷാരോൺ അടുപ്പത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹാലോചന ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് യുവതി പൊലീസിനോട് സമ്മതിച്ചത്. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ് നൽകിയത്. വിഷം നൽകാനായി ഗ്രീഷ്മ ഇൻറർനെറ്റിൽ വിവരങ്ങൾ സെർച്ച് ചെയ്തിരുന്നു.
ഈ മാസം 14നാണ് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഷാരോൺ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16 ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് 17 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കഷായം കഴിച്ച വിവരം ഷാരോൺ ഡോക്ടർമാരോട് പറഞ്ഞില്ല. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴികളിലൊന്നും ആർക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കൽ കോളേജിൽ വെച്ച് ഷാരോൺ മരിച്ചു.
ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയ്ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് ജ്യൂസ് ബാഗിൽ കരുതിയ പെൺകുട്ടി കൊണ്ടുനടന്നു കുടിപ്പിക്കുകയായിരുന്നു എന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് ആരോപിച്ചിരുന്നു.
14ാം തീയ്യതി സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ റെക്കോർഡ് ബുക്ക് തിരിച്ചുവാങ്ങാൻ ഷാരോൺ പോയിരുന്നു. ഇവിടെ നിന്ന് ശാരീരികാസ്വാസ്ഥകളോടെയാണ് ഷാരോൺ തിരിച്ചെത്തിയത്. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കഷായവും ജ്യൂസും കുടിച്ചതാണ് അവശതകൾക്ക് കാരണമെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. കരളും വൃക്കയും തകരാറിലായാണ് മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.