കൊച്ചിയില്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു
കൊച്ചി: പറവൂരിൽനിന്നു രോഗിയുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കലൂർ ജങ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. പറവൂർ കരിങ്ങാന്തുരുത്ത് മുണ്ടോടി പള്ളത്ത് വിനീത (65) ആണ് മരിച്ചത്.അപകടത്തിൽ ആംബുലൻസിന്റെ പ്ലാറ്റ് ഫോമിലേക്ക് വീണാണ് മരണം. ഒപ്പമുണ്ടായിരുന്ന ഭർത്താവ് എം.ആർ. നാരായണന് കാലിന് പരിക്കേറ്റു. ഡ്രൈവർ ശ്രീകേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം കണ്ട് ഓടിക്കൂടിയവർ ആംബുലൻസ് ഉയർത്തി, അതേ ആംബുലൻസിൽ ലിസി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വിനീതയുടെ ജീവൻ രക്ഷിക്കാനായില്ല.കലൂർ ജങ്ഷന് സമീപമുള്ള യു ടേണിലാണ് ശനിയാഴ്ച വൈകീട്ട് 3.20-ഓടെ അപടമുണ്ടായത്. പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽനിന്നു മൂത്രത്തിൽ പഴുപ്പ് കലശലായതിനെ തുടർന്നാണ് വിനീതയെ സ്വകാര്യ ആംബുലൻസിൽ കൊണ്ടുവന്നത്. സംഭവത്തിൽ നോർത്ത് പോലീസ് ഡ്രൈവർ ശ്രീകേഷിനെ കസ്റ്റഡിയിലെടുത്തു.യു ടേണിന് സമീപം ഇരുചക്രവാഹനയാത്രികൻ പെട്ടെന്ന് കടന്ന് വന്നതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ ശ്രീകേഷ് പറഞ്ഞു. ഇയാളെ രക്ഷിക്കാനായി ആംബുലൻസ് പെട്ടെന്ന് വെട്ടിക്കുകയും ബ്രേക്കിടുകയും ചെയ്തതോടെയാണ് മറിഞ്ഞതെന്നാണ് ശ്രീകേഷ് പോലീസിന് മൊഴി നൽകിയത്.