സ്വകാര്യ ബസുകളുടെ പെര്മിറ്റുകള് പുതുക്കി നല്കേണ്ടെന്ന സര്ക്കാര് തീരുമാനം ഇടുക്കിയില് യാത്രക്ലേശം രൂക്ഷമാക്കി
അടിമാലി: 140 കിലാമീറ്ററില് അധികം സര്വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്മിറ്റുകള് പുതുക്കി നല്കേണ്ടെന്ന സര്ക്കാര് തീരുമാനം ഇടുക്കിയില് യാത്രക്ലേശം രൂക്ഷമാക്കി.
കോതമംഗലം മേഖലയില്നിന്ന് ഹൈറേഞ്ചിലേക്ക് സര്വിസ് നടത്തുന്ന 32 ബസുകള് ഉള്പ്പെടെ ഇടുക്കിയില് 80 ബസുകളുടെ പെര്മിറ്റാണ് നിര്ത്തലാക്കിയത്. വരും ദിവസങ്ങളില് കൂടുതല് ബസുകളുടെ പെര്മിറ്റുകള് കൂടി നിര്ത്തലാക്കപ്പെടും. ഇതോടെ ജില്ലയില് വലിയ യാത്രദുരിതമാണ് ഉണ്ടാകുക. കെ.എസ്.ആര്.ടി.സി റൂട്ട് ദേശസാത്കൃതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ദീര്ഘദൂരങ്ങളില് സര്വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്മിറ്റുകള് പുതുക്കിനല്കേണ്ടതില്ലെന്ന് സര്ക്കാര് തീരുമാനത്തിലെത്തിയത്. ഇതോടെ മറയൂര്, കാന്തലൂര്, കോവിലൂര്, സൂര്യനെല്ലി, കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്നിന്നുള്ള യാത്രക്കാര് മറ്റ് യാത്ര സൗകര്യങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിക്കഴിഞ്ഞു. ഈ റൂട്ടുകളില് കെ.എസ്.ആര്.ടി.സി ചുരുങ്ങിയ സര്വിസുകളാണ് നടത്തുന്നത്.
ഇവിടങ്ങളിലുള്ളവര് കൂടുതലും ആശ്രയിക്കുന്നതാകട്ടെ സ്വകാര്യ ബസ് സര്വിസുകളെയാണ്. സര്വിസുകള് ഇല്ലാതാകുന്നത് സ്കൂള്-കോളജ് വിദ്യാര്ഥികളെയും രാത്രി യാത്രക്കാരെയുമടക്കം ദുരിതത്തിലാക്കിയിട്ടുണ്ട്. 2016ലാണ് സര്ക്കാര് ഈ തീരുമാനമെടുത്തത്. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകള് കോടതിയെ സമീപിച്ചു. കേസില് കെ.എസ്.ആര്.ടി.സി കക്ഷിചേരുകയും ചെയ്തു. അടുത്തിടെ കേസ് പരിഗണിച്ച കോടതി കെ.എസ്.ആര്.ടി.സിയുടെ വാദം അംഗീകരിക്കുകയും 140 കിലോമീറ്ററിലധികം സര്വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്മിറ്റ് ഏറ്റെടുക്കുമെന്നും അറിയിച്ചു.
നിലവില് ദീര്ഘദൂര സര്വിസുകാര് നിര്ത്തലാക്കിയ ഇടങ്ങളില് കെ.എസ്.ആര്.ടി.സി സര്വിസ് ആരംഭിച്ചിട്ടുമില്ല. ഹൈറേഞ്ചില് വനമേഖലയിലൂടെയാണ് കൂടുതല് ബസുകളും ഓടുന്നത്. കോവില് കടവില്നിന്ന് സര്വിസ് തുടങ്ങുന്ന ബസ് കോതമംഗലത്ത് എത്തുമ്ബോഴേക്കും 140 കിലോമീറ്റര് പരിധിയിലെത്തും. ഇതിനിടക്ക് മറയൂര്, മൂന്നാര്, അടിമാലി, നേര്യമംഗലം എന്നിങ്ങനെ മാത്രമാണ് പ്രധാന സ്റ്റോപ്പുകള് ഉള്ളത്. ബാക്കി ഭൂരിഭാഗം സ്ഥലങ്ങളും വനത്തിലൂടെവേണം പോകാന്.
ഇതേ അവസ്ഥയാണ് കുമളി, നെടുങ്കണ്ടം മേഖലകളില്നിന്ന് ആരംഭിക്കുന്ന സര്വിസുകള്ക്ക് ഉള്ളത്. ഈ മേഖലയില് പലയിടത്തും സാമ്ബത്തിക നഷ്ടത്തിന്റെ പേരില് ഇതിനോടകം തന്നെ കെ.എസ്.ആര്.ടി.സി ട്രിപ്പുകള് നിലക്കുന്നത്. സ്വകാര്യ ബസുകള്കൂടി ഇല്ലാതാകുന്നതോടെ വലിയ യാത്രക്ലേശമാകും ഹൈറേഞ്ച് മേഖലയിലടക്കം ഉണ്ടാകുക.