പാകിസ്ഥാനെതിരായ വിജയം; കോഹ്ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച ടീം ഇന്ത്യയ്ക്കും വിരാട് കോഹ്ലിക്കും നിലയ്ക്കാത്ത അഭിനന്ദനങ്ങൾ. ടീം ഇന്ത്യയെയും കോഹ്ലിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിൽ കുറിച്ചു. മികച്ച പോരാട്ടത്തിനൊടുവിൽ മത്സരം വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ എന്ന് മോദി ട്വീറ്റ് ചെയ്തു. മികച്ച ഇന്നിംഗ്സ് കാഴ്ചവച്ച വിരാട് കോഹ്ലിക്ക് പ്രത്യേക അഭിനന്ദനങ്ങൾ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയിക്കാൻ അദ്ദേഹം ആശംസിക്കുകയും ചെയ്തു. മെൽബണിൽ പാകിസ്ഥാനെതിരെ 53 പന്തിൽ 82 റൺസ് നേടിയ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് രാജ്യം ഒന്നടങ്കം പ്രശംസിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാഹുൽ ഗാന്ധി, മമതാ ബാനർജി തുടങ്ങിയവരും കോഹ്ലിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
ടി20 ലോകകപ്പിന് ഇതിനേക്കാൾ മികച്ച തുടക്കം ലഭിക്കാനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്തൊരു വെടിക്കട്ട് ഇന്നിംഗ്സായിരുന്നു വിരാട് കോഹ്ലിയുടേതെന്നും അമിത് ഷാ പറഞ്ഞു. എന്തൊരു ആവേശകരമായ പോരാട്ടമായിരുന്നു നടന്നത്. സമ്മർദ്ദത്തിൽ നേടിയ ഗംഭീര വിജയങ്ങളിലൊന്ന്, വരാനിരിക്കുന്ന മത്സരങ്ങളിലും ആശംസകൾ എന്ന് രാഹുൽ ഗാന്ധി കുറിച്ചു. ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍, ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം സന്തോഷം തരുന്നതാണ്, വരും മത്സരങ്ങളിലും വിജയത്തുടര്‍ച്ച ഉണ്ടാകട്ടെയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.