ജോയ്‌സ് ജോര്‍ജ്ജ് എക്‌സ് എം.പിക്കെതിരെ പ്രതിഷേധം ശക്തം
ഇടുക്കി: രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ്ജ് എക്‌സ് എം.പി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഇ.എം ആഗസ്തി ഉള്‍പ്പടെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം ടൗണില്‍ പ്രകടനം നടത്തി ജോയിസ് ജോര്‍ജ്ജിന്റെ കോലം കത്തിച്ചു.ജോയ്‌സ് ജോര്‍ജ്ജ് ഇരട്ടയാറ്റിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തിയത്. ജോയിസ് ജോര്‍ജ്ജിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഇ.എം ആഗസ്തി ആവശ്യപ്പെട്ടു. ജോയിസ് ജോര്‍ജ്ജ് എം.എം മണിയുടെ നിലവാരത്തിലേക്ക് താഴ്ന്നതായും അദ്ദേഹം പറഞ്ഞു.ജോയിസ് ജോര്‍ജ്ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ഒരു ജനപ്രതിനിധിയായിരുന്ന ജോയിസ് ജോര്‍ജ്ജ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പൊതുവേദിയില്‍ പറഞ്ഞത്. ഇതോടെ ഇദ്ദേഹത്തിന്റെ സംസ്‌കാരശൂന്യത വെളിപ്പെട്ടതായും ഇബ്രാഹിംകുട്ടി പറഞ്ഞു.രാഹുല്‍ഗാന്ധിയെപ്പോലുള്ള ദേശീയനേതാവിനെയും സ്ത്രീത്വത്തെയും അപമാനിച്ചത് അപക്വമായ നടപടിയാണെന്ന് കെ.പി.സി.സി ജന. സെക്രട്ടറി എംഎന്‍ ഗോപി പറഞ്ഞു. മുന്‍ എം.പി തരംതാണ പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോയിസ് ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന് ഡി.സി.സി ജന. സെക്രട്ടറി അഡ്വ. സേനാപതി വേണുവും ആവശ്യപ്പെട്ടു.
ജോയിസ് ജോര്‍ജ്ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയും രാഹുല്‍ഗാന്ധിയെ അപമാനിച്ചതിനെതിരെയും മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രകടനം നടത്തുകയും ജോയിസിന്റെ കോലം കത്തിക്കുകയും ചെയ്തു. ജോയിസ് ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പരിപാടികള്‍ക്ക് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം മോളി മൈക്കിള്‍, ശ്യാമളാ വിശ്വനാഥന്‍, മിനി പ്രിന്‍സ്, സിന്ധു സുകുമാരന്‍നായര്‍, രാധാ പ്രഭാകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.