സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി; കെഎസ്ആർടിസിയിലെ പരസ്യം വിലക്കി
കൊച്ചി: അധിക വരുമാനത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ പതിപ്പിക്കാൻ കരാർ നൽകിയ കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബസുകളിൽ പരസ്യം പാടില്ലെന്ന നിർദ്ദേശവും നൽകി.
സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സിയെന്നോ സ്വകാര്യ ബസുകളെന്നോ വേർതിരിവ് ഇല്ലെന്നും അധിക ഫിറ്റിംഗുകൾ പാടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ടി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് വാഹനങ്ങളിലെ അമിത ഫിറ്റിംഗുകൾക്കും പരസ്യങ്ങൾക്കുമെതിരെ കോടതി കർശന നിലപാട് സ്വീകരിച്ചത്. വടക്കഞ്ചേരി സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. വിനോദയാത്രയ്ക്കായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം തിരഞ്ഞെടുത്തതിനെ വിമർശിച്ച കോടതി, അധികൃതർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.