ശബരിമല മണ്ഡല മകരവിളക്ക്:കുമളിയില്‍ ഇക്കുറിയും വെര്‍ച്വല്‍ ക്യൂ ടിക്കറ്റ്ബുക്കിങ് സംവിധാനം ഉണ്ടാകും
സര്‍വകക്ഷി യോഗം ചേര്‍ന്നു
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി കുമളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. കോവിഡിന് ശേഷമുള്ള തീര്‍ത്ഥാടന കാലം എന്ന നിലയില്‍ അയ്യപ്പഭക്തരുടെ വലിയ തിരക്ക് ഇത്തവണ ഉണ്ടാകാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി കുമളി മുതല്‍ ചോറ്റുപാറ വരെ വിവിധ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കുമളിയില്‍ ആരംഭിക്കും. വഴിവിളക്കുകള്‍, ഭക്തര്‍ക്കായി വിരിപ്പന്തല്‍, മെഡിക്കല്‍ ക്യാമ്പ്, ശുചിമുറി, ടൗണില്‍ ട്രാഫിക്ക് നിയന്ത്രണം തുടങ്ങിയവ ഒരുക്കും.
ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വനം വകുപ്പിന്റെ ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ട് വിട്ടു നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനു പുറമെ പാര്‍ക്കിങ്ങിനായി ബദല്‍ സംവിധാനവും കണ്ടെത്തും. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പ് ഏറ്റെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ ചോറ്റുപാറയില്‍ പോലീസ് സ്ഥാപിച്ച വെര്‍ച്ചല്‍ ക്യൂ ടിക്കറ്റ് ബുക്കിങ് സംവിധാനം ഇത്തവണയും നടപ്പാക്കും. കുമളി ടൗണിലെ വ്യാപാരികളുടെ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിശ്ചിത സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
വ്യാപാര സ്ഥാപനങ്ങളില്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത പരിശോധന കര്‍ശനമാക്കുന്നതിനും പ്ലാസ്റ്റിക് പൂര്‍ണ്ണമായി നിരോധിക്കാനും തീരുമാനിച്ചു. തകര്‍ന്ന സ്ലാബുകളുടെ അറ്റകുറ്റപ്പണി, പാര്‍ക്കിംഗ് ലൈന്‍ മാര്‍ക്കിംഗ് എന്നിവ ദേശീയപാത അധികൃതര്‍ നിര്‍വഹിക്കും.
കുമളി ഗ്രാമ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം;
കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന ശബരിമല മണ്ഡല-മകരവിളക്ക് മുന്നൊരുക്ക സര്‍വ്വകക്ഷി യോഗം.