പരസ്യങ്ങളില്ല; യൂട്യൂബ് പ്രീമിയം 3 മാസത്തേക്ക് വെറും 10 രൂപയ്ക്ക് കിട്ടും


മുംബൈ: യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പരസ്യം മൂലം ബുദ്ധിമുട്ടുന്നവരാണ് നമ്മളിലധികവും. എന്നാൽ പരസ്യങ്ങളൊന്നും ഇല്ലാതെ തന്നെ ഇനി വീഡിയോ കാണാം. കൂടാതെ യൂട്യൂബ് നിരവധി ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. പരസ്യമില്ലാതെ വെറും 10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് വീഡിയോ കാണാം. പുതിയ ഫീച്ചറുകളുമായി യൂട്യൂബ് പ്രീമിയം ഓഫർ ഇന്ത്യയിൽ അവതരിപ്പിച്ചു.
യൂട്യൂബ് നല്‍കുന്ന ഇൻവൈറ്റിലൂടെ പ്രീമിയം സസ്ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ക്ഷണം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 10 രൂപ നിരക്കിൽ മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം അംഗത്വം ലഭിക്കും. കാലാവധി കഴിഞ്ഞാൽ പ്രതിമാസം 129 രൂപ പ്രീമിയം തുക അടയ്ക്കണം. എങ്കിൽ മാത്രമേ ഈ സേവനം തുടർന്നും ലഭ്യമാകൂ. ഓഫറിന്‍റെ ലഭ്യത സംബന്ധിച്ച സമയപരിധി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഫർ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് കണക്കാക്കുന്നത്.
പരസ്യങ്ങൾ ഇല്ലാതെ ഉപയോക്താക്കൾക്ക് വീഡിയോകൾ കാണാനുള്ള അവസരത്തിന് പുറമെ, വീഡിയോകൾ ഡൗൺലോഡ് ചെയ്യുക, ഓഫ് ലൈനിൽ വീഡിയോകൾ പ്ലേ ചെയ്യുക, ബാക്ക്ഗ്രൗണ്ടില്‍ വീഡിയോകൾ പ്ലേ ചെയ്യുക, യൂട്യൂബ് മ്യൂസിക് സബ്സ്ക്രിപ്ഷൻ, ആഡ്-ഫ്രീ എക്സ്പീരിയൻസ്, യൂട്യൂബ് കിഡ്സ് ആപ്പ് എന്നിവയും പുതിയ ഓഫറിൽ ലഭ്യമാണ്. യൂട്യൂബ് റെഡ്, യൂട്യൂബ് മ്യൂസിക്, ഗൂഗിൾ പ്ലേ മ്യൂസിക് സബ്സ്ക്രൈബർമാർക്ക് മാത്രമേ യൂട്യൂബ് ഇൻവൈറ്റ് ലഭിക്കൂ.