അണക്കര,,വണ്ടന്മേട്:ലഹരിക്ക് എതിരായ ബോധവൽക്കരണ പരിപാടികൾ വ്യാപകമായി നടക്കുമ്പോഴും നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന സജീവമാണ്
അണക്കര,,
വണ്ടന്മേട്:
ലഹരിക്ക് എതിരായ ബോധവൽക്കരണ പരിപാടികൾ വ്യാപകമായി നടക്കുമ്പോഴും നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന സജീവമാണ്. വണ്ടൻമേട്ടിൽ പച്ചക്കറി കടയിൽ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 50 ഓളം പായ്ക്കറ്റ് പാൻമസാല ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം വില്പന നടത്തുന്നതിന് സൂക്ഷിച്ചിരുന്ന പാൻമസാലകളാണ് പിടിച്ചെടുത്തത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനം പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.
സ്കൂൾ വിദ്യാർത്ഥികളുടെ കൈവശം പാൻ മസാല ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ചില വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിൽ നിന്നും പാൻ മസാല കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടൻ മേട്ടിലെ സ്കൂളിന് പരിസരത്ത് പ്രവർത്തിക്കുന്ന പച്ചക്കറി കടയിൽ നിന്നും ഇത് വാങ്ങിയതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്. തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ പരിശോധനയിൽ 50ലധികം പായ്ക്കറ്റുകളിലായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന നിരോധിത പാൻ മസാല ഉൽപന്നങ്ങൾ കടയിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ പച്ചക്കറി വ്യാപാരം നടത്തിവന്നിരുന്ന തമിഴ്നാട് സ്വദേശി വേണ്ടുമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ മാസങ്ങളായി ഇവിടെ ലഹരിവസ്തുക്കൾ വില്പന നടത്തുന്നതായി ആണ് പോലീസിന് ലഭിച്ച വിവരം. വണ്ടൻമേട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്കൂൾ പരിസരങ്ങളിലും പെട്ടിക്കടകൾ കേന്ദ്രീകരിച്ചും ലഹരി വസ്തുക്കളുടെ വില്പന വ്യാപകമാകുന്നതായി ആക്ഷേപമുണ്ട്. പോലീസ്, എക്സൈസ് അധികാരികളും സ്കൂൾ അധികൃതരും അടക്കം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൊതുപ്രവർത്തകനായ സുനിൽ വണ്ടൻമേട് ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പല അധ്യാപകരും ഇത് അവഗണിക്കുന്നതായും രക്ഷിതാക്കൾ ആരോപിക്കുന്നു. സംസ്ഥാന സർക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും ലഹരി വസ്തുക്കൾ പല കടകളിലും വൻതോതിൽ വിൽപ്പന സജീവമാണ്. ഇത്തരം ലഹരി വില്പന കേന്ദ്രങ്ങൾ കണ്ടെത്തി കടുത്ത നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.